സിനിമാക്കാർക്കിടയിൽ ലഹരി ഉപയോഗം കിംവദന്തി മാത്രം, തെളിവൊന്നുമില്ല: ഋഷിരാജ് സിംഗ്

By Web TeamFirst Published Dec 28, 2019, 5:33 PM IST
Highlights

ഷൂട്ടിം​ഗ് ലോക്കേഷനുകളിലും നടന്മാരുടെ കാരവനുകളിലും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് പരക്കെ പ്രചരിക്കുന്നുണ്ട്. എന്നാൽ താൻ എക്സൈസ് കമ്മീഷണറായിരിക്കുമ്പോഴും അതിന് ശേഷവും ഇത് സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഋഷിരാജ് സിം​ഗ് പറഞ്ഞു. 

റിയാദ്: മലയാള സിനിമാക്കാർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന പ്രചാരണം കിംവദന്തി മാത്രമാണെന്നും തെളിവുകളൊന്നുമില്ലെന്നും ജയിൽ മേധാവി ഋഷിരാജ് സിം​ഗ്. റിയാദിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഷൂട്ടിം​ഗ് ലോക്കേഷനുകളിലും നടന്മാരുടെ കാരവനുകളിലും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് പരക്കെ പ്രചരിക്കുന്നുണ്ട്. എന്നാൽ താൻ എക്സൈസ് കമ്മീഷണറായിരിക്കുമ്പോഴും അതിന് ശേഷവും ഇത് സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഋഷിരാജ് സിം​ഗ് പറഞ്ഞു. എന്നാൽ, മലയാളികൾക്കിടയിൽ പൊതുവേ ലഹരി ഉപയോഗം കൂടുതലാണ്. തടയാൻ പൊലീസ് സംവിധാനത്തിന് മാത്രം കഴിയില്ല. നിയമം കുറെ കടുപ്പിച്ചത് കൊണ്ടോ പൊലീസ് നടപടി കർക്കശമാക്കിയത് കൊണ്ടോ മാത്രം പരിഹാരമാവില്ല. ലഹരിയിലേക്ക് ആളുകൾ വഴുതാതിരിക്കാനുള്ള തടയിടലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളിൽ അധ്യാപകരും ഹോസ്റ്റലുകളിൽ വാർഡന്മാരും വീടുകളിൽ രക്ഷിതാക്കളും കരുതലെടുത്താൽ ഒരു പരിധിവരെ പരിഹാരം കാണാനാവുന്ന സാമൂഹിക പ്രശ്നമാണിത്. ലഹരി വ്യാപനത്തിനെതിരെ നടപടിയെടുക്കാൻ പൊലീസ് സംവിധാനത്തിൽ നോഡൽ ഓഫീസറെ നിയമിച്ചിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം കേരളം മാത്രമാണ്. എക്സൈസ്, ആരോഗ്യ വകുപ്പുകൾ സംയുക്തമായി 14 ജില്ലകളിലും ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിച്ച് ദൗത്യം തുടരുകയാണ്. ലഹരി പലവഴികളിൽ കൂടിയാണ് വരുന്നത്. ഓൺലൈനിൽ പോലും എത്തുന്ന സ്ഥിതിയുണ്ട്. ആ വഴികളെല്ലാം അടയ്ക്കേണ്ടതുണ്ടെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നു. 

താൻ എക്സൈസ് കമീഷണറായിരുന്ന മൂന്ന് വർഷ കാലയളവിൽ 1000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടി നശിപ്പിച്ചത്. ജയിലിലുകളിലേക്ക് ലഹരി എത്തുന്നത് പ്രധാനമായും റിമാൻഡ് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്ന വഴിയിൽ സുഹൃത്തുക്കളും ബന്ധക്കളും നടത്തുന്ന കൈമാറ്റത്തിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തടയുന്നതിനും കൂടിയാണ് മുഴുവൻ ജയിലുകളിലും കോടതികളിലും ക്യാമറകൾ സ്ഥാപിച്ച് വീഡിയോ കോൺഫറൻസ് വഴി റിമാൻഡ് കേസുകൾ കൈകാര്യം ചെയ്യാൻ സംവിധാനം ഏർപ്പെടുത്തുന്നത്. മാർച്ച് മാസത്തോടെ ഇത് പൂർണമാകും. റിമാൻഡ് പ്രതികളെ പുറത്ത് കൊണ്ടുപോകേണ്ടി വരില്ല. വലിയ സാമ്പത്തിക ചെലവും പൊലീസുകാരുടെ ജോലി ഭാരവും കുറയുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. 

കേരളത്തിലെ ജയിലുകളിലെ വാണിജ്യ സംരംഭങ്ങൾ വൻ വിജയത്തിലാണ് മുന്നോട്ട് പോകുന്നത്. ഭക്ഷണം മുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വരെ എല്ലാത്തരം ഉൽപന്നങ്ങളും ജയിലുകളിൽ നിർമിക്കപ്പെടുന്നുണ്ട്. വാർഷിക വിറ്റുവരവ് 15 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതിൽ നിന്നെല്ലാമുള്ള വരുമാനത്തിെന്റെ ഒരു പങ്ക് ജയിൽ പുള്ളികൾക്കാണ്. പോകുമ്പോൾ ഒരു ജോലിയും നല്ലൊരു സമ്പാദ്യവും അവരുടെ കൈയ്യിലുണ്ടാവും, അദ്ദേഹം കൂട്ടിച്ചേർത്തു. 

14 സെക്കന്റ് തുറിച്ചുനോക്കിയാൽ സ്ത്രീ പീഡനമാകുമെന്നത് താൻ പറഞ്ഞതിന്റെ ദുർവാഖ്യാനമാണെന്നും എന്നാൽ പുരുഷന്റെ അത്തരത്തിലെ നോട്ടം സ്ത്രീക്ക് അരോചകമായി തോന്നിയാൽ അത് പീഡന പരിധിയിൽ വരുമെന്ന് നിയമത്തിലുണ്ടെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ റിയാദ് ഘടകത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് ജയിൽ മേധാവി റിയാദിത്തിലെത്തിയത്. കൗൺസിൽ ഭാരവാഹികളായ ഡോ. ജയചന്ദ്രൻ, ഡേവിഡ് ലൂക്ക്, ഡോ. അബ്ദുൽ അസീസ്, ജയകുമാർ, നിജാസ്, ഗായകൻ നിസാമലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

click me!