റിയാദിൽ ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡ്; മൂന്ന് വിദേശികൾ അറസ്റ്റിൽ

By Web TeamFirst Published Dec 28, 2019, 4:53 PM IST
Highlights

വിതരണത്തിനായി കാറിൽ കയറ്റിയ 300 കുപ്പികളിലും വില്ലയിൽ സൂക്ഷിച്ചിരുന്ന 700 കുപ്പികളിലും ഏതാനും ബാരലുകളിലും മദ്യമുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് പിടിച്ചെടുത്തു.

റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡ്. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമായ ശിഫയിൽ ഒരു വില്ലയിൽ പ്രവർത്തിച്ചിരുന്ന മദ്യ നിർമാണകേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം റിയാദ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

യമനി പൗരനും എത്യോപ്യക്കാരായ സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. ഇവർ വ്യാജ റെസിഡന്റ് പെർമിറ്റ് (ഇഖാമ)ഇല്ലാതെയാണ് രാജ്യത്ത് തങ്ങുന്നതെന്നും കണ്ടെത്തി. ഒരു മസ്ജിദിനും ഖുർആൻ പഠനകേന്ദ്രത്തിനും സമീപത്താണ് വാറ്റുകേന്ദ്രമായി പ്രവർത്തിച്ച ഈ വില്ല സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ അടുത്താകുമ്പോൾ ആർക്കും സംശയം തോന്നില്ല എന്ന ധാരണയിലാകും ഇവിടം തന്നെ തെരഞ്ഞെടുക്കാൻ കാരണമെന്ന് പൊലീസ് കരുതുന്നു.
 
വിതരണത്തിനായി കാറിൽ കയറ്റിയ 300 കുപ്പികളിലും വില്ലയിൽ സൂക്ഷിച്ചിരുന്ന 700 കുപ്പികളിലും ഏതാനും ബാരലുകളിലും മദ്യമുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് പിടിച്ചെടുത്തു. ചാരായം വാറ്റി കുപ്പികളിൽ നിറച്ച് ആവശ്യക്കാർക്കെത്തിച്ച് കൊടുക്കലായിരുന്നു ഇവരുടെ പതിവെന്ന് പൊലീസ് വ്യക്തമാക്കി. സൗദി അറേബ്യയിൽ മദ്യം ഉൾപ്പെടെ ഏത് തരത്തിലുള്ള ലഹരികളുടെയും ഉപയോഗവും നിർമാണവും വിതരണവുമെല്ലാം കടുത്ത ശിക്ഷകിട്ടുന്ന കുറ്റമാണ്. 

click me!