സൗദി അറേബ്യയിൽ പിഞ്ചുബാലിക നായകളുടെ കടിയേറ്റു മരിച്ചു: അന്വേഷണത്തിന് ഉത്തരവ്

By Web TeamFirst Published Mar 15, 2021, 4:14 PM IST
Highlights

കുട്ടിയെ അന്വേഷിച്ച് പുറത്തിറങ്ങിയ ഉമ്മയാണ് കുഞ്ഞിനെ നായകൾ ആക്രമിക്കുന്നത് കണ്ടത്. മകളെ രക്ഷിക്കാൻ ചുറ്റുമുള്ളവരോട് സഹായം തേടി അവർ നിലവിളിച്ചു. ശബ്‍ദം കേട്ട് ഓടിയെത്തിയവർ നായകളെ ആട്ടിയോടിക്കുകയായിരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ തെരുവ് നായകളുടെ കടിയേറ്റു നാല് വയസ്സുകാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം റിയാദ് നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ദാരുണമായ സംഭവമുണ്ടായത്. തുടര്‍ന്ന് അന്വേഷണത്തിന് റിയാദ് മേയറാണ് ഉത്തരവിട്ടത്. 

കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ ബാലികയാണ് മരണപ്പെട്ടത്. ഇവർ തങ്ങിയ വിശ്രമ കേന്ദ്രത്തിന്റെ പുറത്തെത്തിയ കുട്ടിയെ അഞ്ച് തെരുവ് നായകൾ ആക്രമിക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് പുറത്തിറങ്ങിയ ഉമ്മയാണ് കുഞ്ഞിനെ നായകൾ ആക്രമിക്കുന്നത് കണ്ടത്. മകളെ രക്ഷിക്കാൻ ചുറ്റുമുള്ളവരോട് സഹായം തേടി അവർ നിലവിളിച്ചു. ശബ്‍ദം കേട്ട് ഓടിയെത്തിയവർ നായകളെ ആട്ടിയോടിക്കുകയായിരുന്നു. 

രക്തത്തിൽ കുളിച്ച നിലയില്‍ കുട്ടിയെ എടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും മണിക്കുറിനുള്ളിൽ കുട്ടി മരണപ്പെടുകയായിരുന്നു. സംഭവം സംബന്ധിച്ച് പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാനാണ് റിയാദ് മേയർ ഫൈസൽ ബിൻ അബ്‍ദുൽ അസീസ് രാജകുമാരൻ ഉത്തരവിട്ടത്. 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകുകയും പരിഹാര നടപടി സ്വീകരിക്കുകയും വേണം. 

click me!