ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ വിസ നടപടികള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം

By Web TeamFirst Published Nov 1, 2019, 3:57 PM IST
Highlights

'വിസ ഓൺ അറൈവൽ' സംവിധാനം  പൂർണമായും  ഒഴിവാക്കുകയാണ് റോയൽ ഒമാൻ പൊലീസിന്റെ ലക്ഷ്യം. സാധ്യമാകുന്നിടത്തെല്ലാം പരമാവധി ഇ-വിസകൾ ഉപയോഗിക്കണമെന്നും അധികൃതര്‍ ആവശ്യപെടുന്നു. 

മസ്കത്ത്: ഒമാന്‍ സന്ദർശനത്തിനൊരുങ്ങുന്നവര്‍ക്ക് യാത്രയ്ക്ക്  മുന്‍പുതന്നെ ഓൺലൈന്‍ വഴി വിസ ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തെ  വിവിധ വിമാനത്താവളങ്ങള്‍ വഴിയും റോഡ്, സമുദ്ര മാർഗങ്ങളിലൂടെയും  ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കാര്യക്ഷമമായ സേവനങ്ങൾ നൽകാനാണ്‌ റോയൽ ഒമാൻ പോലീസ്, ഓൺലൈൻ വിസ സംവിധാനത്തിന് കൂടുതൽ പ്രചാരം നൽകുന്നത്.

'വിസ ഓൺ അറൈവൽ' സംവിധാനം  പൂർണമായും  ഒഴിവാക്കുകയാണ് റോയൽ ഒമാൻ പൊലീസിന്റെ ലക്ഷ്യം. സാധ്യമാകുന്നിടത്തെല്ലാം പരമാവധി ഇ-വിസകൾ ഉപയോഗിക്കണമെന്നും അധികൃതര്‍ ആവശ്യപെടുന്നു. നിലവിൽ മറ്റ് ഗൾഫ് രാജ്യങ്ങളില്‍ സ്ഥിരമായി താമസിച്ചുവരുന്ന  വിദേശികൾക്കും  അവരോടൊപ്പം അനുഗമിക്കുന്ന  അടുത്ത ബന്ധുക്കൾക്കും  നാലാഴ്ച ഒമാനിൽ തങ്ങാനുള്ള സന്ദർശക വിസ  ഓൺലൈനിലൂടെ ലഭിക്കും. ആവശ്യമെങ്കിൽ വിസയുടെ കാലാവധി ഒരാഴ്ചകൂടി നീട്ടാനും സാധിക്കും.

ഓണ്‍ലൈന്‍ വിസയ്ക്ക് സ്‌പോൺസറുടെ  ആവശ്യമില്ല. അപേക്ഷകന് ആറ് മാസം സാധുതയുള്ള സ്ഥിരതാമസത്തിനാവശ്യമായ രേഖകളും ആറു മാസം സാധുതയുള്ള പാസ്‍പോര്‍ട്ടും ഒമാൻ ഇമിഗ്രേഷൻ അംഗീകരിച്ച തൊഴിൽ തസ്തികയിലുമുള്ളവർക്ക് സ്‌പോൺസർമാരില്ലാതെ നേരിട്ട് യാത്രക്ക് മുൻപേ ഓൺലൈനിലൂടെ  വിസ ലഭിക്കും. ഗൾഫ് നാടുകളിൽ സ്ഥിരമായി താമസിക്കുന്ന  വിദേശികൾ, ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ജി.സി.സി രാജ്യങ്ങളിൽ നിന്നുതന്നെ ഒമാനിലെത്തണം. evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് ഇ-വിസയ്ക്ക് അപേക്ഷ നല്‍കേണ്ടത്. 

click me!