യുഎഇയില്‍ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത ഇന്ത്യക്കാരനെതിരെ വിചാരണ തുടങ്ങി

By Web TeamFirst Published Jul 26, 2020, 6:24 PM IST
Highlights

39കാരിയായ ഇന്ത്യക്കാരിയാണ് പീഡനത്തിനിരയായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായിലെ നൈഫില്‍ വെച്ചായിരുന്നു സംഭവം. മകനെ സ്കൂള്‍ ബസില്‍ കയറ്റി വിടുന്നതിനായി പുറത്തേക്ക് പോയ യുവതി, അപ്പാര്‍ട്ട്മെന്റിലേക്ക് തിരികെ പോകുന്നതിനിടെ പ്രതി പിന്തുടരുകയായിരുന്നു.

ദുബായ്: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായും കോടതി രേഖകളില്‍ പറയുന്നു.

39കാരിയായ ഇന്ത്യക്കാരിയാണ് പീഡനത്തിനിരയായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായിലെ നൈഫില്‍ വെച്ചായിരുന്നു സംഭവം. മകനെ സ്കൂള്‍ ബസില്‍ കയറ്റി വിടുന്നതിനായി പുറത്തേക്ക് പോയ യുവതി, അപ്പാര്‍ട്ട്മെന്റിലേക്ക് തിരികെ പോകുന്നതിനിടെ പ്രതി പിന്തുടരുകയായിരുന്നു. കഴുത്തില്‍ കത്തിവെച്ച ശേഷം വീടിനുള്ളിലേക്ക് കയറാന്‍ പറഞ്ഞു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിസരത്ത് ആരുമുണ്ടായിരുന്നില്ല. താന്‍ എതിര്‍ക്കുകയും പ്രതിയെ തള്ളി മാറ്റുകയും ചെയ്തു. എന്നാല്‍ ബലം പ്രയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു - യുവതിയുടെ മൊഴിയില്‍ പറയുന്നു.

നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്തു. വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും, പൊലീസിനെ വിവരമറിയിച്ചാല്‍ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്‍മാനായി ജോലി ചെയ്തിരുന്ന പ്രതി, തന്നെ എപ്പോഴും നിരീക്ഷിച്ചിരുന്നതായി അയാള്‍ പറഞ്ഞുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹമാണ് നൈഫ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടത്.

രണ്ട് ദിവസം കൊണ്ട് പ്രതിയെ തിരിച്ചറിയുകയും ബനിയാസ് സ്ട്രീറ്റില്‍ വെച്ച് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 200 ദിര്‍ഹത്തില്‍ ബാക്കിയുണ്ടായിരുന്ന 135 ദിര്‍ഹം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മദ്യ ലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഇയാള്‍ പറഞ്ഞത്. ബലാത്സംഗം, മോഷണം, നിയമവിരുദ്ധമായ മദ്യപാനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതി പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍. കേസില്‍ സെപ്‍തംബര്‍ ആറിന് കോടതി വീണ്ടും വാദം കേള്‍ക്കും. 

click me!