
മനാമ: ബഹ്‌റൈനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്കൃതി ബഹ്‌റൈൻ യോഗാ ദിനം ആചരിച്ചു. അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ഈ വർഷം ഗൾഫ് പ്രവാസികൾക്ക് പ്രവർത്തന ദിവസമായായിരുന്നതിനാൽ അതിനടുത്ത ഒഴിവുദിനമായ 26 ജൂൺ വെള്ളിയാഴ്ച ഓൺലൈൻ മാധ്യമത്തിലൂടെ യോഗാ ദിനാചരണം സംഘടിപ്പിക്കുകയായിരുന്നു. ഇന്ത്യ ഫൗണ്ടേഷൻ ബോർഡ് ഓഫ് ഗവർണർമാരിൽ ഒരാളും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ റാം മാധവ് ആയിരുന്നു വിശിഷ്ടാതിഥി.
പരിപാടിയുടെ ഭാഗമാകാൻ എത്തിയ ജാതി, മത, ലിംഗ, രാഷ്ട്രീയ ഭേദമന്യേയുള്ള 500ലധികം ആളുകളെ അഭിസംബോധന ചെയ്ത അദ്ദേഹം യോഗയുടെ പ്രാധാന്യത്തെപ്പറ്റി വിശദമാക്കി. ലോകത്തിന് ഭാരതം നൽകിയ അമൂല്യ സംഭാവനയാണ് യോഗ. അത് പരിതസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അമ്മയെപ്പോലെ പരിപാലിക്കേണ്ട പ്രകൃതിയെപ്പറ്റി ചിന്തിക്കാതെ അതിനെതിരായി ജീവിക്കുമ്പോഴാണ് കൊവിഡ് പോലെയുള്ള മഹാവ്യാധികളെ നാം നേരിടേണ്ടിവരുന്നത്. ഇന്ന് പലരും ശരീര പുഷ്ടിക്ക് വർക്ക്-ഔട്ട് ചെയ്യുന്നതിൽ വളരെ തല്പരരാണെന്നും എന്നാൽ യോഗ വർക്ക്-ഔട്ട് അല്ല വർക്ക്-ഇൻ ആണെന്നും അത് ശരീര പുഷ്ടിക്ക് മാത്രമല്ല മനസ്സിനും ചിന്തകൾക്കും പുഷ്ടി നൽകുകയും അതിലൂടെ ലോകം മുഴുവൻ ഒരു കുടുംബമായി നമ്മുക്ക് കാണാൻ സാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് എല്ലാവരും യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഹ്വാനം ചെയ്തു.
ഇന്ന് ലോകം അംഗീകരിച്ചുകൊണ്ടിരിക്കുന്ന 'നമസ്തേ' എന്ന അഭിസംബോധന രീതി നമ്മൾ ഭാരതീയർ അനേകായിരം വർഷങ്ങൾക്ക് മുമ്പ് മുതല്‍ പിന്തുടരുന്ന നമ്മുടെ മാത്രം സംസ്കാരമാണ് എന്നതും അദ്ദേഹം ഓർമ്മപ്പെടുത്തി. യോഗ പരിശീലകൻ രുദ്രേഷ് കുമാർ സിങ് മഹാരാഷ്ട്രയിൽ നിന്ന് ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ പങ്കെടുക്കുകയും ചില യോഗാഭ്യാസരീതികൾ പരിപാടിയിലുണ്ടായിരുന്നവർക്ക് പകർന്നു നൽകുകയും ചെയ്തു. എല്ലാവർഷവും ഒരു സ്ഥലത്ത് ഒത്തുകൂടി ആഘോഷിച്ചിരുന്ന യോഗാ ദിനം ഈ വർഷം കൊവിഡ് വ്യാപനം മൂലം ഓൺലൈനിൽ ആക്കുകയായിരുന്നു.
സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി പ്രവീൺ നായർ, ഈവന്‍റ് കോ-ഓർഡിനേറ്റർ ഓം പ്രകാശ് ശർമ്മ, ജോയിന്‍റ് കോ-ഓർഡിനേറ്റർമാരായ പങ്കജ് മാലിക്, അനിൽ പിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam