സൗദി അറേബ്യ ലക്ഷ്യമിട്ട് ഇന്ന് വീണ്ടും വ്യോമാക്രമണ ശ്രമം

By Web TeamFirst Published Sep 25, 2021, 9:28 PM IST
Highlights

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ തകര്‍ത്തുവെന്ന് അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. 

റിയാദ്: സൗദി അറേബ്യ (Saudi Arabia) ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമത സേന ശനിയാഴ്‍ചയും വ്യോമാക്രമണം നടത്തി. പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അബഹയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കിലും ഇവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന (Arab coalition forces) തകര്‍ക്കുകയായിരുന്നു.

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ തകര്‍ത്ത് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ബോധപൂര്‍വമായ ആക്രമണം തുടരുകയാണെന്ന് അറബ് സേന ആരോപിച്ചു.

ഒരാഴ്‍ചയ്‍ക്കിടെ പല തവണ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായിരുന്നു.  സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ചെങ്കടലിലൂടെ നടത്തിയ ആക്രമണ ശ്രമവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. യെമനിലെ അൽസലീഫിൽ വെച്ചാണ് സഖ്യസേന ഈ ബോട്ടുകള്‍ തകർത്തത്. ഇതിന് ശേഷം ചൊവ്വാഴ്‍ച ഉച്ചയോടെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് വീണ്ടും ആക്രമണശ്രമമുണ്ടായിരുന്നു.  വ്യാഴാഴ്‍ചയും സൗദി അറേബ്യയിലെ ജിസാന്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. 

click me!