
റിയാദ്: ഈ വർഷത്തെ ഹജ്ജിലെ അവസാന തീർഥാടക സംഘത്തിന് സൗദി എയർലൈൻസ് (സൗദിയ) യാത്രയയപ്പ് നൽകി. മദീനയിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ തീർഥാടകരെയാണ് ഹൃദ്യമായി യാത്രയാക്കിയത്. ദൈവത്തിെൻറ അതിഥികളെ സേവിക്കുന്നതിലും തീർഥാടകർക്ക് ഉയർന്ന തലത്തിലുള്ള പരിചരണവും ആശ്വാസവും നൽകാനുള്ള ഭരണകൂടത്തിെൻറ നിർദേശങ്ങൾ നടപ്പാക്കുന്നതിലുമുള്ള അഭിമാനബോധത്തിൽ നിന്നാണ് ഈ സീസണിൽ നൽകുന്ന സേവനങ്ങളുടെ വിജയം ഉരുത്തിരിഞ്ഞതെന്ന് സൗദി എയർലൈൻസ് കമ്പനിയുടെ ഗ്രൗണ്ട് ഓപ്പറേഷൻസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ബിൻ അബ്ദുൽ റസാഖ് ബാ ഉക്ദ പറഞ്ഞു.
ഈ സീസണിൽ സൗദിയ 145 ആഗോള ലക്ഷ്യസ്ഥാനങ്ങളിൽനിന്ന് 4,400 വിമാന സർവിസുകളിലായി 8,08,000 തീർഥാടകർക്ക് സൗദിയിലേക്കും തിരിച്ചും യാത്രാസൗകര്യമൊരുക്കി. ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്ന 147 വിമാനങ്ങൾ ഉപയോഗിച്ചാണ് ഇത് നടത്തിയത്. 74 ദിവസം നീണ്ടുനിന്ന സമഗ്രമായ പ്രവർത്തന പ്രകടനമാണ് ഇതിന് പിന്നിലെന്നും ബാ ഉക്ദ പറഞ്ഞു.
ലഗേജ് ഭാരം ചുമക്കേണ്ടതില്ലാത്ത ‘ബാഗേജില്ലാതെ ഹജ്ജ്’ എന്ന സംരംഭം ഏറ്റവും മികച്ച നിലയിൽ ഈ വർഷം നടപ്പാക്കാനായി. പുറമേ ബുക്കിങ് നടപടിക്രമങ്ങൾ സുഗമമാക്കുന്ന നിരവധി ഡിജിറ്റൽ സേവനങ്ങൾ ഈ സീസണിൽ സജീവമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് 2,70,000 ബാഗുകൾ കൈകാര്യം ചെയ്യുന്നതിനും വിമാനത്താവളങ്ങൾക്കുള്ളിലെ ഗതാഗതം സുഗമമായി നടക്കുന്നതിനും കാരണമായി. ഹജ്ജ് തീർഥാടന പരിചരണസേവനങ്ങളുടെ ഭാഗമായി 2,40,000 സംസം വാട്ടർ ബോട്ടിലുകളും നൽകി. ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ രാജ്യക്കാർക്കും അനുയോജ്യമായ ഒന്നിലധികം ഭാഷകളിൽ ഹജ്ജ്, ഉംറ കർമങ്ങൾ അനുഷ്ഠിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകി വിമാന സർവിസുകളിൽ വൈവിധ്യമാർന്ന പഠന ഉള്ളടക്കം ഉൾപ്പെടുത്തിയിരുന്നതായും ബാ ഉക്ദ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ