പുരുഷ രക്ഷിതാവിന്റെ സമ്മതമില്ലാതെ തനിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി; ചരിത്രപരമായ തീരുമാനവുമായി സൗദി

By Web TeamFirst Published Jun 11, 2021, 7:57 PM IST
Highlights

എവിടെ ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കുണ്ട്. എന്തെങ്കിലും കുറ്റകൃത്യം ചെയ്‌തെന്ന് വ്യക്തമാക്കാനുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീയുടെ രക്ഷകര്‍ത്താവിന് അവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ എന്നും പുതിയ നിയമഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിയാദ്: അവിവാഹിതരായ സ്ത്രീകള്‍, വിവാഹമോചനം നേടിയവര്‍, വിധവകള്‍ എന്നിവര്‍ക്ക് പിതാവിന്റെയോ പുരുഷ രക്ഷകര്‍ത്താവിന്റെയോ അനുവാദമില്ലാതെ തനിച്ച് ജീവിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ. പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുവാദമില്ലാതെ സൗദി വനിതകള്‍ക്ക് വീട്ടില്‍ നിന്ന് മാറി തനിച്ച് താമസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി.

പ്രായപൂര്‍ത്തിയായ വനിതകള്‍ക്ക് പിതാവിന്റെയോ പുരുഷ രക്ഷിതാവിന്റെയോ അനുമതി കൂടാതെ തനിച്ച് താമസിക്കാന്‍ അനുവാദം നല്‍കുന്ന നിയമഭേദഗതി അടുത്തിടെയാണ് സൗദി അറേബ്യ മുമ്പോട്ടു വെച്ചത്. ശരീഅ കോടതികളിലെ നടപടികള്‍ സംബന്ധിക്കുന്ന നിയമത്തിലെ ആര്‍ട്ടിക്കിള്‍ 169 ബി പ്രകാരം, പ്രായപൂര്‍ത്തിയായ വിവാഹം കഴിക്കാത്ത സ്ത്രീകള്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവരുടെ സംരക്ഷണാവകാശം പുരുഷ രക്ഷിതാവിനായിരുന്നു. എന്നാല്‍ ഇത് റദ്ദാക്കി പകരം പുതിയ നിയമ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

എവിടെ ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കുണ്ട്. എന്തെങ്കിലും കുറ്റകൃത്യം ചെയ്‌തെന്ന് വ്യക്തമാക്കാനുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീയുടെ രക്ഷകര്‍ത്താവിന് അവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ എന്നും പുതിയ നിയമഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു സ്ത്രീയ്ക്ക് ജയില്‍ ശിക്ഷ ലഭിക്കുകയാണെങ്കില്‍ അവരുടെ ശിക്ഷാ കാലാവധിക്ക് ശേഷം രക്ഷകര്‍ത്താവിന് കൈമാറില്ലെന്നും നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതോടെ തനിച്ച് താമസിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍മക്കള്‍ക്കെതിരെ കുടുംബത്തിന് കേസ് കൊടുക്കാനാവില്ല. നേരത്തെ മുന്‍ഗണന നല്‍കിയിരുന്ന ഇത്തരം കേസുകള്‍ കോടതികള്‍ ഇനി സ്വീകരിക്കില്ല. 

സൗദി എഴുത്തുകാരി മറിയം അല്‍ ഒതൈബി(32) പിതാവിന്റെ അനുമതിയില്ലാതെ ഒറ്റയ്ക്ക് താമസിച്ചതിനും തനിച്ച് യാത്ര ചെയ്തതിനും കുടുംബം നല്‍കിയ കേസില്‍ മൂന്നുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിജയിച്ചിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തില്‍ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!