സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളിലും ജോലി ചെയ്യാന്‍ അനുമതി

By Web TeamFirst Published Sep 2, 2020, 6:17 PM IST
Highlights

തൊഴില്‍ നിയമ ഭേദഗതി പ്രകാരം ഖനികളിലും ക്വാറികളിലും വനിതകളെ ജോലിക്ക് നിയമിക്കാം. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയാകാത്ത ആരെയും ഇവിടങ്ങളില്‍ ജോലിക്ക് വെക്കാന്‍ പാടില്ലെന്നും ഭേദഗതി ചെയ്ത 186-ാം വകുപ്പ് അനുശാസിക്കുന്നു.

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് രാത്രിയിലും ജോലി ചെയ്യാന്‍ അനുമതി നല്‍കി കൊണ്ടുള്ള തൊഴില്‍ നിയമ ഭേദഗതി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. അപകടകരമായ ചില ജോലികളില്‍ വനിതകളെ നിയമിക്കുന്നതും രാത്രിയില്‍ ചില സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് വെക്കുന്നതും വിലക്കുന്ന തൊഴില്‍ നിയമത്തിലെ 149, 150 വകുപ്പുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

അപകടകരവും ഹാനികരവുമായ ജോലികളില്‍ വനിതകളെ നിയമിക്കുന്നതിന് വിലക്കുള്ളതായി 149-ാം വകുപ്പ് അനുശാസിച്ചിരുന്നു. സ്ത്രീകളെ രാത്രികാലങ്ങളില്‍ ജോലിക്ക് വെക്കുന്നത് 150-ാം വകുപ്പില്‍ വിലക്കിയിരുന്നു. ഭേദഗതിയുടെ ഭാഗമായി ഈ രണ്ടു വകുപ്പുകളും റദ്ദാക്കിയിട്ടുണ്ട്.  തൊഴില്‍ നിയമ ഭേദഗതി പ്രകാരം ഖനികളിലും ക്വാറികളിലും വനിതകളെ ജോലിക്ക് നിയമിക്കാം. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയാകാത്ത ആരെയും ഇവിടങ്ങളില്‍ ജോലിക്ക് വെക്കാന്‍ പാടില്ലെന്നും ഭേദഗതി ചെയ്ത 186-ാം വകുപ്പ് അനുശാസിക്കുന്നു.

തൊഴിലാളികള്‍ക്ക് അപകടകരവും ഹാനികരവുമായ തൊഴിലുകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി നിര്‍ണയിക്കുമെന്നും സ്ഥിരമായോ ഭാഗികമായോ ജോലിക്ക് നിയമിക്കുന്നതിന് വിലക്കുള്ള വിഭാഗങ്ങളെയും പ്രത്യേക വ്യവസ്ഥകളോടെ ജോലിക്ക് അനുവദിക്കുന്ന വിഭാഗങ്ങളെയും മന്ത്രിക്ക് നിര്‍ണയിക്കാമെന്ന് ഭേദഗതി ചെയ്ത 131-ാം വകുപ്പില്‍ വ്യക്തമാക്കുന്നു.

അപകടകരവും ഹാനികരവുമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്നും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും സ്ത്രീശാക്തീകരണത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സൗദി അറേബ്യ നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നിയമ ഭേദഗതികളെന്ന് ശൂറാ കൗണ്‍സില്‍ അംഗവും നിയമ വിദഗ്ധനുമായ ഫൈസല്‍ അല്‍ഫാദിലിനെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 


 

click me!