നാട്ടില്‍ കഴിയുന്ന സൗദി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഇഖാമ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനം

By Web TeamFirst Published Sep 7, 2020, 7:43 PM IST
Highlights

സെപ്റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീഎന്‍ട്രി വിസ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ആനുകൂല്യം. ഇഖാമ ഒരു മാസത്തേക്ക് പുതുക്കും. ഇതിനായി ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ല.

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോയ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. റീഎന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി നീട്ടി നല്‍കാന്‍ സൗദി ജവാസത്ത് തീരുമാനിച്ചു. റീഎന്‍ട്രി വിസയുടെ കാലാധി ഈ മാസം അവസാനിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഇഖാമയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുമെന്നും അധികൃതര്‍ ട്വീറ്ററില്‍ അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീഎന്‍ട്രി വിസ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ആനുകൂല്യം. ഇഖാമ ഒരു മാസത്തേക്ക് പുതുക്കും. ഇതിനായി ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ല. തികച്ചും സൗജന്യം. ഇതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി. സൗദി മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് നടപടി. നാട്ടില്‍ പോകാനാകാതെ സൗദിയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്‌സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രി വിസയുടെ കാലാവധിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു.

click me!