പ്രതിസന്ധിയിൽ ആശ്വാസം; സൗദിയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

By Web TeamFirst Published Mar 21, 2020, 10:45 AM IST
Highlights

വ്യാപാരികൾക്ക് മൂല്യവർധിത നികുതിയിൽ 3 മാസത്തെ സാവകാശം അനുവദിക്കുന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം.

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വ്യാപാര മേഖലയ്ക്കും തൊഴിലാളികൾക്കും ആശ്വാസം പകർന്ന് 120 ശതകോടി റിയാലിന്റെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സൗദി. വിദേശികളുടെ ലെവി നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഫീസ് ഈടാക്കാതെ തൊഴിലാളികളുടെ വിസ 3 മാസത്തേക്കു കൂടി നീട്ടി നൽകണമെന്നും നിർദേശിച്ചു. വ്യാപാരികൾക്ക് മൂല്യവർധിത നികുതിയിൽ 3 മാസത്തെ സാവകാശം അനുവദിക്കുന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം.

ഇവയാണ് പ്രധാന പ്രഖ്യാപനങ്ങൾ:

1. മാർച്ച് 20 മുതൽ ജൂണ്‍ 30 വരെ കാലയളവില്‍ ഇഖാമയുടെ കാലാവധി അവസാനിച്ചവര്‍ക്ക് ലെവിയില്ലാതെ കാലാവധി നീട്ടി നല്‍കും. മൂന്ന് മാസത്തേക്കാണ് ഇഖാമ കാലാവധി നീട്ടി നല്‍കുക.

2. സൗദിയിലേക്ക് സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടിനൽകും. അല്ലെങ്കിൽ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. ഇതിന് പ്രത്യേക ഫീസൊന്നും ഈടാക്കില്ല. നിലവിൽ പാസ്പോര്‍ട്ടില്‍ വര്‍ക്ക് വിസ സ്റ്റാമ്പ് ചെയ്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

3. റീ എന്‍ട്രി വിസ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. നിലവില്‍ റീ എന്‍ട്രിയില്‍‌ വിസ അടിച്ച് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഇതിെൻറ ഗുണം ലഭിക്കും.

4. സക്കാത്ത്, മൂല്യവര്‍ധിത നികുതി, എക്സൈസ് ഡ്യൂട്ടി, വരുമാന നികുതി എന്നിവ അടക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കി. രാജ്യത്തേക്ക് മാർച്ച് 20 മുതല്‍ 30 ദിവസത്തേക്ക് ഇറക്കുമതിക്കുള്ള തീരുവ തല്‍ക്കാലത്തേക്ക് ഈടാക്കില്ല.

5. ബാങ്കുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഫീസുകളും ചാർജുകളും അടയ്ക്കാന്‍ മൂന്നു മാസ സാവകാശം നല്‍കി. ഇതിന് നിശ്ചിത നിബന്ധനകള്‍ പാലിക്കണം. സര്‍ക്കാറിലേക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാനുള്ള വിവിധ ഫീസുകള്‍ അടക്കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കി.
 
6. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ശതകോടി റിയാലിെൻറ സഹായ പാക്കേജ് പ്രഖ്യാപിച്ചു. വായ്പകള്‍ ഈ വര്‍ഷാവസാനം വരെ ഉദാരമാക്കാനും തീരുമാനിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

click me!