സൗദിയിൽ ബാങ്കിംഗ് സേവനങ്ങൾ നല്‍കാന്‍ സ്വകാര്യ മേഖലക്ക് അനുമതി

By Web TeamFirst Published Mar 7, 2019, 11:54 PM IST
Highlights

സേവനങ്ങൾ ഇടപാടുകാർക്ക് നൽകാൻ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്താനാണ് കേന്ദ്ര ബാങ്കായ സാമ അനുമതി നൽകിയിരിക്കുന്നത്.

റിയാദ്: സൗദിയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകാൻ സ്വകാര്യ മേഖലക്ക് അനുമതി. രാജ്യത്തിനകത്തേക്കും പുറത്തേക്കും പണം അയക്കുന്നത് അടക്കം പതിനേഴ് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ ഏജൻസികൾക്ക് കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയായ സാമയാണ് അനുമതി നൽകിയത്.

ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, വായ്‌പ്പാ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കൽ, ക്രെഡിറ്റ് കാർഡ് അപേക്ഷകൾ, ബാങ്ക് ഗ്യാരണ്ടിയ്ക്കുള്ള അപേക്ഷ തയ്യാറാക്കൽ, എ.ടി എം വഴി പണം പിൻവലിക്കലും നിക്ഷേപിക്കൽ തുടങ്ങിയ സേവനങ്ങൾ ഇടപാടുകാർക്ക് നൽകാൻ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്താനാണ് കേന്ദ്ര ബാങ്കായ സാമ അനുമതി നൽകിയിരിക്കുന്നത്.

കൂടാതെ ബില്ലുകളും വിവിധ ഫീസുകളും പിഴകളും അടയ്ക്കുന്നതും മണി റെമിറ്റൻസ്, കറൻസി മാറ്റി നൽകൽ, ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ചെക്ക് ബുക്കുകളും ഇഷ്യു ചെയ്യൽ തുടങ്ങിയ പതിനേഴു  സേവനങ്ങൾ നൽകുന്നതിനാണ് സ്വകാര്യ ഏജൻസിക്കു അനുമതി നൽകിയിരിക്കുന്നത്.
പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും ഉപയോക്താക്കൾക്ക് ഏജൻസി പ്രിന്‍റ് ഔട്ട് നൽകൽ നിർബന്ധമാണ്.

കൂടാതെ ഇടപാട് നടത്തിയെന്ന് സ്ഥിരീകരിക്കുന്ന എസ് .എം.എസ്സും അയക്കണം. അതേസമയം ഏജൻസി വഴി പ്രതിദിനം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും കഴിയുന്ന പണത്തിന്‍റെ കൂടിയ പരിധി നിശ്ചയിക്കുന്നതിന്റെ അധികാരം ബാങ്കുകൾക്കാണെന്നും സാമ വ്യക്തമാക്കി.

click me!