അബുദാബി പൊലീസ് ഇനി മലയാളത്തിലും വിവരങ്ങൾ പങ്കുവെക്കും

By Web TeamFirst Published Mar 7, 2019, 11:47 PM IST
Highlights

നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങൾ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പോലീസ് മലയാളത്തിലുള്ള വിശദീകരണം നൽകിയത്

അബുദാബി: സാമൂഹിക മാധ്യമങ്ങളിൽ ഇനിമുതൽ അബുദാബി പൊലീസ് മലയാളത്തിലും വിവരങ്ങൾ പങ്കുവെക്കും. യു.എ.ഇ.യിലുള്ള സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികൾക്ക് ഇതുവഴി കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിലാണ് അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളത്തിലുമുള്ള പോസ്റ്റുകൾക്ക് അബുദാബി പോലീസ് തുടക്കമിട്ടത്.

നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങൾ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പോലീസ് മലയാളത്തിലുള്ള വിശദീകരണം നൽകിയത്.അബുദാബിയില്‍ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പെട്ടെന്നുള്ള ദിശ മാറ്റമാണെന്നാണ് അബുദാബി പോലീസ് പറയുന്നത്. അബുദാബിയിലെ ട്രാഫിക്‌ സുരക്ഷ കമ്മിറ്റിയുമായി സഹകരിച്ചു ഡ്രൈവര്‍മാരുടെയും റോഡ്‌ ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് സദാ സന്നദ്ധരാണെന്നും വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ഫെയ്സ് ബുക്ക് കുറിപ്പില്‍ പറയുന്നു. 

ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാത്തവരെ തിരിച്ചറിയാനും ശിക്ഷിക്കുവാനും സ്മാർട്ട് സിസ്റ്റം നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം നിയമ ലംഘകര്‍ക്ക്  1000 ദിര്‍ഹം പിഴയും 4 ട്രാഫിക് പോയിൻറുകളും ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കികൊണ്ടാണ്  വിശദീകരണം അവസാനിപ്പിക്കുന്നത്.

അറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും ബോധവത്കരണങ്ങളുമെല്ലാം മലയാളത്തിൽ നൽകാനുള്ള തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള നൂറുകണക്കിന് അഭിപ്രായങ്ങളും അബുദാബി പോലീസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കാണാം.
 

click me!