
ദമ്മാം: സൗദി അറേബ്യയിലെ ഗതാഗത മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണം വരുന്നു. ഇതിന് പുറമെ ഐ.ടി രംഗത്തെ 36 പ്രൊഫഷനുകളും സ്വദേശിവൽക്കരിക്കുന്നു. ഐ.ടി രംഗത്തെ സൗദിവത്ക്കരണം അടുത്ത വർഷം ജൂൺ മുതൽ പ്രാബല്യത്തിൽ വരുത്തനാണ് തീരുമാനം.
ഗതാഗത മേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസിർ പറഞ്ഞു. 45,000ൽ അധികം സ്വദേശികൾക്ക് ഗതാഗത മേഖലയിൽ തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓൺലൈൻ ടാക്സി കമ്പനികളിലും അടുത്ത ഘട്ടത്തിൽ സൗദിവൽക്കരണം പൂർത്തിയാകും.
അടുത്ത വർഷം ജൂൺ മുതൽ ഐ. ടി രംഗത്തെ 36 പ്രൊഫഷനുകളും സ്വദേശിവൽക്കരിക്കാൻ മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഐ.ടി മേഖലയിൽ നാലിൽ കൂടുതൽ പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപുതന്നെ സ്ഥാപനങ്ങൾ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഐ.ടി ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആൻഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ് , കമ്മ്യൂണിക്കേഷൻസ് ടെക്നിക്കൽ ആൻഡ് ടെക്‌നിക്കൽ സപ്പോർട്ട് എന്നിങ്ങനെ ഐ.ടി മേഖലയെ മൂന്നായി തിരിച്ചാണ് പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നത്.
ഇതിലേതെങ്കിലും ഒരു മേഖലയിൽ നാലിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ 25 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണം.
എന്നാൽ നാലിൽ കുറവ് ജീവനക്കാരുള്ള ചെറുകിട ഐ.ടി. ടെലികോം സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിൽ നടപ്പിലാക്കുന്നതോടെ സൗദിയിൽ ജോലിചെയ്യുന്ന നിരവധി വിദേശികളുടെ തൊഴിൽ പ്രതിസന്ധിയിലാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam