
റിയാദ്: ആരോഗ്യപ്രശ്നങ്ങൾ മറച്ചുവെച്ചാൽ സൗദിയിൽ അഞ്ച് ലക്ഷം റിയാൽ പിഴ. രാജ്യത്തിന്‍റെ അതിർത്തി ചെക്ക് പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ ആരോഗ്യ സംബന്ധമായ വിവരങ്ങൾ വെളിപ്പെടുത്താത്ത യാത്രക്കാർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ അടക്കേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ തിങ്കളാഴ്ച അറിയിച്ചു.
ഈ നിയന്ത്രണം സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ബാധകമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രവേശന കവാടങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ നിരീക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരമാണ് തീരുമാനം. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
ഓരോ യാത്രികരും അവർ സഞ്ചരിച്ചുവന്ന രാജ്യങ്ങളുടെ വിവരങ്ങളും നിലവിലെ ആരോഗ്യസ്ഥിതിയും അതിർത്തി ചെക്ക് പോയിന്റുകളിൽ വെളിപ്പെടുത്തണം. ഈ വിവരങ്ങൾ മറച്ചുവെക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തും. കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങൾ വഴി സൗദിയിൽ എത്തുന്നവർ വിവരങ്ങൾ മറച്ചുവെക്കാൻ പാടില്ലെന്നും രാജ്യത്തിെന്റെ സുരക്ഷയിൽ ഓരോ പൗരനും ബാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ അധികൃതർ വ്യക്തമാക്കി.
നിയമമനുസരിച്ച് രാജ്യാന്തര യാത്രകളിൽ രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും അതിർത്തി കവാടങ്ങളിലെ ഉദ്യോഗസ്ഥരും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന രോഗങ്ങൾ തടയുന്നതിന് അന്താരാഷ്ട്ര, പ്രാദേശിക ആരോഗ്യ നിർദേശങ്ങളും നിയമങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും ആരോഗ്യ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഈ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളിൽ വിശദമാക്കിയിട്ടുള്ള എല്ലാ പ്രതിരോധ, പരിഹാര നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ