വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ആശ്രിത ലെവിയും കുറയ്ക്കാന്‍ നിര്‍ദേശം

By Web TeamFirst Published Feb 13, 2020, 12:41 AM IST
Highlights

ഈ വർഷം മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ പ്രതിമാസ ലെവി  800 റിയാലാണ്. 

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ആശ്രിത ലെവിയും കുറയ്ക്കണമെന്ന് ശൂറാ കൗൺസിൽ. കഴിഞ്ഞ വർഷം പബല്യത്തിലുണ്ടായിരുന്ന അതേ തുക ഈ വർഷം സ്ഥിരപ്പെടുത്തുന്ന കാര്യം വാണിജ്യ -നിക്ഷേപ മന്ത്രാലയം പഠിക്കണമെന്നാണ് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടത്.

ഈ വർഷം മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ പ്രതിമാസ ലെവി  800 റിയാലാണ്. വിദേശികളേക്കാൾ കൂടുതൽ സ്വദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി 700 റിയാലുമാണ്. കഴിഞ്ഞ വർഷമിത് യഥാക്രമം 600 റിയാലും 500 റിയാലുമായിരുന്നു.

അതേസമയം നിലവിൽ ആശ്രിത ലെവി മാസത്തിൽ 300 റിയാലാണ്.ഇത് വരുന്ന ജൂലൈ മുതൽ 400 റിയാലായി ഉയരും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കിൽ ലെവി സ്ഥിരപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ഏകോപനം നടത്തി വാണിജ്യ നിക്ഷേപ മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടത്.

സ്പീക്കർ ഡോ.അബ്ദുള്ള ആലുശൈഖിൻറെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് വിദേശികൾക്ക് ഏറെ പ്രതീക്ഷനൽകുന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്.

click me!