പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ സൗദി അറേബ്യയിൽ മഴയെത്തി, ഒപ്പം ആലിപ്പഴ വർഷവും തണുത്ത കാറ്റും

By Web TeamFirst Published Jan 6, 2020, 4:51 PM IST
Highlights

റിയാദ് നഗരത്തിലുൾപ്പെടെ ഞായറാഴ്ച പകലും മഴയുണ്ടായിരുന്നു. ഇടയ്ക്ക് മഴ തോർന്നെങ്കിലും ആകാശം മേഘാവൃതമായിരുന്നു. ഉച്ചനേരത്ത് നഗരത്തെ കോടമഞ്ഞ് പൊതിയുകയും ചെയ്തു. ഇതോടെ താപനില നന്നായി താഴ്ന്നു. 

റിയാദ്: സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും. മറ്റ് പ്രവിശ്യകളിൽ ശീതകാറ്റും അനുഭവപ്പെട്ടു. റിയാദ് നഗരം ഉൾപ്പെട്ട മധ്യപ്രവിശ്യയിൽ ശനിയാഴ്ച രാത്രി കനത്ത മഴയാണ് പെയ്തത്. ഒപ്പം ആലിപ്പഴ വർഷവും ഇടിമിന്നലുമുണ്ടായി. 

പല ഭാഗങ്ങളിലും രാത്രി മുഴുവൻ മഴ പെയ്തു. റിയാദ് നഗരത്തിലുൾപ്പെടെ ഞായറാഴ്ച പകലും മഴയുണ്ടായിരുന്നു. ഇടയ്ക്ക് മഴ തോർന്നെങ്കിലും ആകാശം മേഘാവൃതമായിരുന്നു. ഉച്ചനേരത്ത് നഗരത്തെ കോടമഞ്ഞ് പൊതിയുകയും ചെയ്തു. ഇതോടെ താപനില നന്നായി താഴ്ന്നു. വെള്ളി, ശനി ദിവസങ്ങളിൽ തണുപ്പ് പൂർമായി മാറുകയും ഉഷ്ണനില ഉയരുകയും ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയിലെ മഴ മുതൽ കാലാവസ്ഥ വീണ്ടും തണുപ്പിന് വഴിമാറി. 

ഞായറാഴ്ച മാത്രമല്ല ഈ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കാലാവസ്ഥ ഇതേ നിലയിൽ തുടരുമെന്ന് അറബ് ഫെഡറേഷൻ ഫോർ സ്പേസ് സയൻസ് ആൻഡ് സൗദി ആസ്ട്രോണമി അംഗമം ഡോ. ഖാലിദ് അൽസഖ പറഞ്ഞു. റിയാദ് നഗരത്തിന്‍റെ അന്തരീക്ഷമാകെ നനഞ്ഞ അവസ്ഥയിൽ തുടരുകയാണ്.  മഴക്ക് വേണ്ടി പ്രാർഥിക്കണമെന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം അനുസരിച്ച് വ്യാഴാഴ്ച രാജ്യമാകെ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.

click me!