സൗദിയിൽ ധനകാര്യ-ഇൻഷുറൻസ് സ്ഥാപനങ്ങളിലെ ഉന്നത തസ്‌തികകളില്‍ സ്വദേശിവത്കരണം

By Web TeamFirst Published Oct 16, 2019, 12:20 AM IST
Highlights

ധകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളടക്കം കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ 13,000 ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കും.

റിയാദ്: സൗദിയിൽ ധനകാര്യ സ്ഥാപനങ്ങളിലെയും ഇൻഷുറൻസ് സ്ഥാപനങ്ങളിലെയും ഉന്നത തസ്‌തികകൾ സ്വദേശിവൽക്കരിക്കുന്നു. മതിയായ യോഗ്യതയുള്ള സ്വദേശികളെ ലഭ്യമല്ലെങ്കിൽ ഈ തസ്തികകളിൽ വിദേശികളെ നിയമിക്കാനാണ് കേന്ദ്ര ബാങ്കായ സാമയുടെ തീരുമാനം. ധകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളടക്കം കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ 13,000 ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കും.

ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ് സ്ഥാപനങ്ങൾ, മണി എക്സ്ചേഞ്ചുകൾ, ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളിലെ ഉയർന്ന തസ്‌തികകളിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്നാണ് സാമയുടെ പുതിയ വ്യവസ്ഥ.

സൈബർ സെക്യൂരിറ്റി മാനേജർ, ഐ ടി മാനേജർ, ലീഗൽ വിഭാഗം മാനേജർ, ഇൻഷുറൻസ് സ്ഥാപനങ്ങളിലെ കസ്റ്റമർ കെയർ വിഭാഗം മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, വാഹന ഇൻഷുറൻസ് ക്ലെയിം വിഭാഗം മാനേജർ തുടങ്ങിയ തസ്തികകൾ സ്വദേശികൾക്കു മാത്രമായി സാമ പരിമിതപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഏതെങ്കിലും ധനകാര്യ - ഇൻഷുറൻസ് സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കേണ്ട ആവശ്യം വന്നാൽ ഇത്തരം തസ്തികകളിൽ നിയമിക്കുന്നതിന് മതിയായ യോഗ്യതയുള്ള സ്വദേശികളെ കിട്ടാനില്ല എന്ന കാര്യം സ്ഥാപനം തെളിയിക്കണം. കൂടാതെ ഈ തസ്തികകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിയും സ്ഥാപനങ്ങൾ തയ്യാറാക്കി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിക്ക് സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
 

click me!