
റിയാദ്: സൗദി അറേബ്യയിൽ പുരാവസ്തുക്കൾ നശിപ്പിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. മൂന്ന് വർഷം വരെ ജയിൽവാസവും മൂന്ന് ലക്ഷം റിയാൽ പിഴയും. പുരാതന വസ്തുക്കൾ, മ്യൂസിയങ്ങൾ, നഗരപൈതൃകം എന്നിവയുടെ സംരക്ഷണ വ്യവസ്ഥ പ്രകാരമാണ് ശിക്ഷ. സൗദി മന്ത്രിസഭയാണ് ഈ വ്യവസ്ഥക്ക് അംഗീകാരം നൽകിയത്. നിയമവിരുദ്ധമായി ഗവൺമെന്റിന്റെ ഏതെങ്കിലും സ്വത്ത് പിടിച്ചെടുക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്തതും ഏഴ് വർഷത്തിൽ കൂടാത്തതുമായ തടവും 50,000 റിയാലിൽ കുറയാത്തതും അഞ്ച് ലക്ഷം റിയാലിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ രണ്ട് ശിക്ഷകളിൽ ഏതെങ്കിലുമൊന്നോ ലഭിക്കും.
പുരാവസ്‍തുക്കളോ, പുരാവസ്‍തു സ്‍ഥലമോ നശിപ്പിക്കുക, മാറ്റംവരുത്തുക, നീക്കം ചെയ്യുക, പുറത്തെടുക്കുക, കോടുപാടുകൾ വരുത്തുക, സവിശേഷതകളിൽ മാറ്റംവരുത്തുക അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യലും നിയമലംഘനമാണ്. ഇത്തരം നിയമലംഘകർക്ക് മൂന്ന് മാസത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവും 20,000 റിയാലിൽ കുറയാത്തതും മൂന്ന് ലക്ഷം റിയാലിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ രണ്ട് ശിക്ഷകളിൽ ഏതെങ്കിലുമൊന്നോ ലഭിക്കും.
വ്യാജ പുരാവസ്തുക്കൾ ഉണ്ടാക്കുക, സംസ്കാരിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പുരാവസ്തുക്കളുടെയും നഗരപൈതൃക സ്ഥലങ്ങളുടെയും അതിർത്തിക്കുള്ളിൽ നിന്ന് പൂർണമായോ, ഭാഗികമായോ ഏതെങ്കിലും വസ്തുക്കൾ പൊളിച്ചുമാറ്റുക, നിർമിക്കുക എന്നിവയും നിയമലംഘനമായി കണക്കാക്കും. പുരാതന സൈറ്റുകളോട് ചേർന്നുള്ള സ്ഥലങ്ങൾക്ക് നിശ്ചയിച്ച നിബന്ധകൾ പാലിക്കാതിരിക്കലും നിയമലംഘനമാണ്. നിയമലംഘകർക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവും രണ്ട് ലക്ഷത്തിൽ കൂടാത്ത പിഴയുമുണ്ടായിരിക്കും.
ലൈസൻസിൽ പറഞ്ഞ കാര്യങ്ങൾ ലംഘിക്കുന്നവർക്ക് 70,000 റിയാലിൽ കൂടാത്ത ശിക്ഷയുണ്ടാകും. ഉടമസ്ഥതയിലുള്ള പുരാവസ്തുക്കൾ സംബന്ധിച്ച് വിവരം നൽകാതിരിക്കലും കൈവശം വെക്കുന്നതിന് മതിയായ ഉടമാവകാശം ഇല്ലാതിരിക്കലും അനുമതിയില്ലാതെ വിൽക്കുക, വാടകക്ക് നൽകുക, കൈമാറുക തുടങ്ങിയവയും നിയമലംഘനങ്ങളാണ്. 50,000 റിലായിൽ കൂടാത്ത പിഴയാണ് ഇതിന് ശിക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam