മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തണമെന്ന് സൗദി അറേബ്യയുടെ ആഹ്വാനം

By Web TeamFirst Published Jan 8, 2020, 12:46 PM IST
Highlights

ഇറാഖിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സമൂഹം പരിശ്രമിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

റിയാദ്: ഗള്‍ഫ് മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് സൗദി മന്ത്രിസഭ ആഹ്വാനം ചെയ്തു. മേഖലയുടെ ഇപ്പോഴത്തെ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്നും പിന്മാറണമെന്നും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. മേഖലയില്‍ നിലനിന്ന പ്രതിസന്ധിയുടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും സൗദി അറേബ്യ അഭിപ്രായപ്പെട്ടിരുന്നു.

ഇറാഖിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സമൂഹം പരിശ്രമിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖ് നൈജീരിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായി സല്‍മാന്‍ രാജാവ് ടെലിഫോണ്‍ സംഭാഷണം നടത്തുകയും കുവൈത്ത് അമീറിന് സന്ദേശമയക്കുകയും ചെയ്തത് സുരക്ഷ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ലിബിയയില്‍ തുര്‍ക്കി സൈനികമായി ഇടപെട്ടതിനെ അപലപിച്ച മന്ത്രിസഭ, ഇത്തരം ഇടപെടലുകള്‍ അന്താരാഷ്ട്ര കരാറുകള്‍ക്ക് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു.

click me!