ഇഖാമയും ഡ്രൈവിങ് ലൈസൻസും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇനി ഡിജിറ്റലായി മൊബൈലിൽ സൂക്ഷിക്കാം

By Web TeamFirst Published Jan 7, 2021, 9:22 AM IST
Highlights

പൊലീസ് പരിശോധനയിലും ബാങ്ക് ഉൾപ്പടെ മറ്റ് എല്ലാ ഇടപാടുകളിലും ഇനി ഡിജിറ്റൽ ഇഖാമ കാണിച്ചു കൊടുത്താൽ മതിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദർ അൽമുശാരി അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്കുള്ള താമസരേഖയായ ഇഖാമയും സ്വദേശി പൗരന്മാരുടെ തിരിച്ചറിയൽ കാർഡും ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാർഡും (ഇസ്തിമാറ) ഇനി ഡിജിറ്റൽ ഐ.ഡി രൂപത്തിലും. ഈ രേഖകളെല്ലാം ഡിജിറ്റലാക്കി സ്മാർട്ട് ഫോണിൽ സൂക്ഷിക്കാം. 

സൗദി പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിന്റെ ഓൺലൈൻ സർവിസ് പോർട്ടലായ ‘അബ്ഷിറി’ന്റെ മൊബൈൽ ആപ്പിലാണ് ഡിജിറ്റൽ ഐ.ഡി ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനം. ‘അബ്ഷീർ ഇൻഡിവ്യൂജൽ’ എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് ആൻഡ്രോയ്ഡ്, ഐ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. ആപ് തുറക്കുമ്പോൾ കാണുന്ന ‘മൈ -സർവിസി’ൽ പേരും പ്രൊഫൈൽ ചിത്രവും വരുന്നതിന് താഴെ ഡിജിറ്റൽ ഐ.ഡി ഡൗൺലോഡ് ചെയ്യാൻ കഴിയും. 

ബാർകോഡ് ഉൾപ്പടെയുള്ള ഡിജിറ്റൽ കാർഡ് സ്ക്രീൻ ഷോർട്ട് എടുത്ത് മൊബൈലിൽ തന്നെ സൂക്ഷിക്കാം. പൊലീസ് പരിശോധനയിലും ബാങ്ക് ഉൾപ്പടെ മറ്റ് എല്ലാ ഇടപാടുകളിലും ഇനി ഡിജിറ്റൽ ഇഖാമ കാണിച്ചു കൊടുത്താൽ മതിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദർ അൽമുശാരി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ‘മൈദാൻ’ എന്ന ആപ് വഴി ക്യൂ ആർ കോഡ് സ്കാനിങ്ങിലൂടെ ഡിജിറ്റൽ ഐ.ഡിയുടെ ആധികാരികത ഉറപ്പ് വരുത്താനാകും.
 

click me!