ഗതാഗത നിയമലംഘനത്തിന് കടിഞ്ഞാണിടാന്‍ സൗദിയില്‍ ബ്ലാക്ക് പോയിന്‍റ്;  90 പോയിന്‍റ് കടന്നാല്‍ ലൈസന്‍സ് നഷ്ടമാകും

By Web TeamFirst Published Dec 1, 2019, 12:01 AM IST
Highlights

ഗതാഗത നിയമലംഘനങ്ങളുടെ അപകട തോതിനനുസൃതമായാണ് ഡ്രൈവർമാർക്ക് നിശ്ചിത ബ്ലാക്ക് പോയിന്‍റ് നൽകുക

റിയാദ്: ഗതാഗത നിയമ ലംഘകര്‍ക്ക് സൗദിയിൽ ബ്ലാക്ക് പോയിന്‍റ് വരുന്നു. മൂന്നു വർഷത്തിനകം 90 ബ്ലാക്ക് പോയിന്‍റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് പിൻവലിക്കുന്നതടക്കം ട്രാഫിക് നിയമാവലിയുടെ പരിഷ്കരണത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാലിത് എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടില്ല.

ഗതാഗത നിയമലംഘനങ്ങളുടെ അപകട തോതിനനുസൃതമായാണ് ഡ്രൈവർമാർക്ക് നിശ്ചിത ബ്ലാക്ക് പോയിന്‍റ് നൽകുക.
ആദ്യ നിയമ ലംഘനം രേഖപ്പെടുത്തി മൂന്നു വർഷത്തിനുള്ളിൽ 90 ബ്ലാക്ക് പോയിന്‍റ് ലഭിക്കുന്നവരുടെ ലൈസൻസുകൾ പിൻവലിക്കും. 36 നിയമ ലംഘനങ്ങൾക്ക് രണ്ടു ബ്ലാക്ക് പോയിന്‍റുകൾ വീതമാണ് ലഭിക്കുക. എന്നാൽ ചില നിയമലംഘനങ്ങൾക്ക് മൂന്നു ബ്ലാക്ക് പോയിന്‍റുകൾ വീതവും ലഭിക്കും.

നിയമലംഘനത്തിന് രേഖപ്പെടുത്തുന്ന ബ്ലാക്ക് പോയിന്‍റുകളെക്കുറിച്ചു എസ് എം എസ്സായും ഇ-മെയിലായും ഡ്രൈവർമാരെ അറിയിക്കും. നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ താൽക്കാലികമായോ സ്ഥിരമായോ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കുന്നതിനും പരിഷ്‌ക്കരിച്ച ട്രാഫിക്ക് നിയമാവലി അനുശാസിക്കുന്നു.

ഏറ്റവും ഒടുവിൽ ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി ഒരു വർഷക്കാലം മറ്റു നിയമലംഘനങ്ങളൊന്നും നടത്താത്തവരുടെ പേരിൽ നേരത്തെ ചുമത്തിയ ബ്ലാക്ക് പോയിന്‍റുകൾ റദ്ദാക്കും. പൊതുജന സുരക്ഷക്ക് ഭീഷണിയായ ഗുരുതര നിയമ ലംഘനങ്ങൾ ഒരു വർഷത്തിനുള്ളിൽ രണ്ടാമതും ആവർത്തിക്കുന്നവർക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകും.

അമിത വേഗത, മദ്യലഹരിയിൽ വാഹനമോടിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ, അപകടകരമാം വിധം ഓവർ ടേക്ക് ചെയ്യൽ, എതിർ ദിശയിൽ വാഹനമോടിക്കൽ എന്നിവയടക്കം ഒൻപതു നിയമ ലംഘനങ്ങളാണ് പൊതുജന സുരക്ഷക്ക് ഭീഷണിയായ നിയമലംഘനങ്ങളായി നിയമാവലി നിർണ്ണയിക്കുന്നത്.

click me!