
റിയാദ്: യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്ന് ഇനി മുതല്‍ സൗദിയിലേക്ക് പ്രവേശനം സാധ്യമാവും. അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും.
നാളെ (ഞായര്‍) പുലര്‍ച്ചെ ഒരു മണി മുതലാണ് 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഈ രാജ്യങ്ങളിലൂടെ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരാഴ്‍ചത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. യുഎഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റസര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍. ഇവിടങ്ങളില്‍ കൊവിഡ് രോഗവ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് തുടരുമെങ്കിലും യുഎഇല്‍ നിന്നുള്ള വിലക്ക് നീക്കിയത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് അനുഗ്രഹമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam