പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു

Published : Dec 25, 2025, 10:46 AM IST
saudi arabia

Synopsis

സൗദിയിലെ ബാങ്കിങ്, പേയ്‌മെൻറ് സേവനങ്ങളുടെ ഫീസുകളിൽ വലിയ ഇളവുകൾ. ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു. റിയൽ എസ്റ്റേറ്റ് ഇതര വായ്പകൾക്ക് ഈടാക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകളിലാണ് പ്രധാനമായും കുറവ് വരുത്തിയിരിക്കുന്നത്.

റിയാദ്: സൗദി അറേബ്യയിലെ ബാങ്കിങ്, പേയ്‌മെൻറ് സേവനങ്ങളുടെ ഫീസുകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സൗദി സെൻട്രൽ ബാങ്ക് (സാമ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമായ ഈ പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ നിലവിൽ വരും.

റിയൽ എസ്റ്റേറ്റ് ഇതര വായ്പകൾക്ക് ഈടാക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകളിലാണ് പ്രധാനമായും കുറവ് വരുത്തിയിരിക്കുന്നത്. മുമ്പ് വായ്പാ തുകയുടെ ഒരു ശതമാനം അല്ലെങ്കിൽ പരമാവധി 5,000 റിയാൽ വരെ ഈടാക്കിയിരുന്ന ഫീസ്, ഇനി മുതൽ 0.5 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 റിയാലായി കുറയും. ഉപഭോക്തൃ വായ്പകൾക്കും വാഹന വായ്പകൾക്കും ഇത് വലിയ ആശ്വാസമാകും.

ഇതിനുപുറമെ, ‘മദാ’ കാർഡ് (എ.ടി.എം) സേവനങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയ കാർഡ് എടുക്കുന്നതിനുള്ള ഫീസ് 30 റിയാലിൽനിന്ന് 10 റിയാലായി കുറച്ചു. അന്താരാഷ്ട്ര ഇടപാട് ഫീസ്, ഇടപാട് തുകയുടെ രണ്ട് ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മദാ കാർഡുകൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പണം പിൻവലിക്കലുകൾ (ഗൾഫ് ഒഴികെ) ഇടപാട് മൂല്യത്തിന്‍റെ മൂന്ന് ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പരമാവധി 25 റിയാലായിരിക്കും.

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഇലക്ട്രോണിക് ട്രാൻസ്ഫറുകൾക്ക് വളരെ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. രാജ്യത്തിനുള്ളിൽ 2,500 റിയാൽ വരെയുള്ള കൈമാറ്റങ്ങൾക്ക് 50 ഹലാലയും അതിന് മുകളിലുള്ള തുകക്ക് ഒരു റിയാലും മാത്രമായിരിക്കും ട്രാസ്ഫർ ഫീസ്. കൂടാതെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻറുകൾ, കടം സ്ഥിരീകരണ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളിലും മാറ്റങ്ങളുണ്ട്. ഒരു വർഷത്തിൽ താഴെയുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെൻറുകൾക്കും ആദ്യമായി എടുക്കുന്ന കടം സ്ഥിരീകരണ സർട്ടിഫിക്കറ്റിനും ഫീസ് നൽകേണ്ടതില്ല. സ്റ്റേറ്റ്‌മെൻറുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നത് സൗജന്യമായിരിക്കും. ചെക്ക് ബുക്ക് സേവനങ്ങൾക്കും സ്റ്റാൻഡിങ് ഓർഡറുകൾക്കും ബാങ്ക് ഈടാക്കുന്ന നിരക്കുകളിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ബാങ്ക് ചെക്ക് ഇഷ്യൂ ചെയ്യുന്നതിനുള്ള നിരക്ക് 10 റിയാലിൽനിന്ന് അഞ്ച് റിയാലായി കുറച്ചു. ശാഖകൾ വഴി സ്റ്റാൻഡിങ് പേയ്‌മെൻറ് ഓർഡർ നൽകുന്നതിനുള്ള ഫീസും അഞ്ച് റിയാലായി കുറച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു