
ദുബായ്: സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഈ സീസണിലെ ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട സമയപരിധികൾ പ്രഖ്യാപിച്ചു. വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി, തീർത്ഥാടകരുടെ പ്രവേശനം, മടക്കം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പ്രഖ്യാപിചിരിക്കുന്നത്. ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി ശവ്വാൽ 1 അതായത് ഇംഗ്ലീഷ് മാസം മാർച്ച് 20 ആണ്. സൗദിയിൽ പ്രവേശിക്കേണ്ട അവസാന തീയതി ശവ്വാൽ 15ഉം അതായത് ഏപ്രിൽ 3. രാജ്യം വിടേണ്ട അവസാന തീയതി ദുൽ ഖഅദ് ഒന്നുമാണ് അതായത് ഏപ്രിൽ 18നുമാണ്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീർത്ഥാടനം നടത്തുന്ന കമ്പനികളുമായി നടത്തിയ 17-ാമത് വെർച്വൽ മീറ്റിംഗിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഹജ്ജ്, ഉംറ സീസണുകളിലെ നിയമങ്ങൾ രാജ്യത്തേക്ക് വരുന്ന എല്ലാ തീർത്തടകർ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഹജ്ജ് കർമ്മം നിർവഹിക്കാൻ സാധുവായ ഹജ്ജ് വിസ തന്നെ നിർബന്ധമാണ്. ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ അനുവാദമില്ലെന്ന് മന്ത്രാലയം വീണ്ടും വ്യക്തമാക്കി. റമദാൻ മാസത്തിൽ തീർത്ഥാടകർക്ക് നൽകിയ സേവനങ്ങൾക്കും യാത്ര തടസ്സപ്പെട്ടവർക്ക് നൽകിയ സഹായങ്ങൾക്കും ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ ഉംറ കമ്പനികളെ പ്രശംസിച്ചു. തീർഥാടകരെ സഹായിക്കുന്നതിലും യാത്ര തടസപ്പെട്ട ഉംറ തീർഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലും കമ്പനികൾ വഹിച്ച പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കൃത്യമായ സമയക്രമം പാലിക്കണമെന്നും, തീർത്ഥാടകരുടെ മടക്കയാത്ര സംബന്ധിച്ച വിവരങ്ങൾ 'നുസുക് മസാർ' (Nusuk Masar) പ്ലാറ്റ്‌ഫോം വഴി കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടാതെ, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി 2026-ൽ നടക്കാനിരിക്കുന്ന മൂന്നാമത് ഉംറ ആൻഡ് വിസിറ്റ് ഫോറത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി, തീർത്ഥാടകരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുമായി മന്ത്രാലയം കമ്പനികളുമായി തുടർച്ചയായി നടത്തിവരുന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഈ യോഗം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam