പ്രവാസി തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാന്‍ തുടങ്ങി

By Web TeamFirst Published Apr 14, 2020, 7:25 AM IST
Highlights
ജിദ്ദയില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന 531 ലേബര്‍ ക്യാമ്പുകളാണ് സമിതി കണ്ടെത്തിയത്.

 
റിയാദ്: കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലായി രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലുള്ള തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ ആരംഭിച്ചു. ജിദ്ദ നഗരസഭയിലാണ് ഇതിന് തുടക്കമായത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 2000ത്തോളം തൊഴിലാളികളെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ സജ്ജീകരിച്ച ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചതായി നഗരസഭ വക്താവ് മുഹമ്മദ് അല്‍ബുഖമി പറഞ്ഞു.

23ഓളം സ്‌കൂളുകളിലാണ് ഇത്രയും തൊഴിലാളികള്‍ക്ക് താല്‍കാലിക താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ജിദ്ദ  ഗവര്‍ണറേറ്റ്, മുനിസിപ്പാലിറ്റി, പൊലീസ്, ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഉള്‍പ്പെട്ട പ്രശ്‌നപരിഹാര സമിതിയുടെ നിര്‍ദേശാനുസരണമാണ് നടപടി. ജിദ്ദയില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന 531 ലേബര്‍ ക്യാമ്പുകളാണ് സമിതി കണ്ടെത്തിയത്.

ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം  പതിനയ്യായിരം കവിഞ്ഞു. മരണസംഖ്യ 108 ആയി. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ മാത്രം കൊവിഡ് ബാധിതതരുടെ എണ്ണം 4934 ആയി. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 65ആയി ഉയര്‍ന്നു. യുഎഇയില്‍ 3 പേര്‍മരിച്ചു. 398 പേര്‍ക്ക്  പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4521 ആയി.

ഖത്തറില്‍ 252ഉം  കുവൈത്തിൽ 56 ഇന്ത്യക്കാരടക്കം 66പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു.  കുവൈത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ജലീബ് അല്‍ ശുയൂഖില്‍ മൂന്നു താത്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നതായി അധികൃതര്‍ അറിയിച്ചു.  വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ജിലേബില്‍ കൊവിഡ് സാമൂഹിക വ്യാപനം മുന്നില്‍കണ്ട്,  മുന്‍കരുതല്‍ എന്ന നിലയ്ക്കാണ്   വിദേശികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തയ്യാറാകുന്നത്.



 
click me!