
ന്യൂയോര്‍ക്ക്: സൗദിയിലെ വനിതാ അവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കാനഡ മാപ്പുപറയണമെന്ന് സൗദി അറേബ്യ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ തങ്ങളെ 'ബനാന റിപ്പബ്ലിക്' ആയി കണക്കാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റിലാണ് സൗദിയിലെ വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കാനഡയുമായുള്ള വാണിജ്യ ബന്ധം മരവിപ്പിക്കുകയും ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. കാനേഡിയന്‍ അംബാസിഡറോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും കാനഡയിലുള്ള സൗദി വിദ്യാര്‍ത്ഥികളോട് തിരികെയെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
മറ്റൊരുരാജ്യം അവിടെയിരുന്ന ഇങ്ങോട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ക്യൂബെകിന് ഉടന്‍ സ്വാതന്ത്ര്യം നല്‍കണമെന്നും കാനഡയിലെ ഇന്ത്യക്കാര്‍ക്ക് തുല്യ അവകാശം നല്‍കണമെന്നും ഞങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാവും? എന്ത് കാര്യത്തെക്കുറിച്ചാണ് നിങ്ങളീ സംസാരിക്കുന്നതെന്നും ന്യൂയോര്‍ക്കില്‍ വിദേശ സഹകരണ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെ സൗദി വിദേശകാര്യ മന്ത്രി ചോദിച്ചു.
മനുഷ്യാവകാശത്തെക്കുറിച്ചും വനിതാ അവകാശങ്ങളെക്കുറിച്ചുമെല്ലാം നിങ്ങള്‍ക്ക് ഞങ്ങളെ വിമര്‍ശിക്കാം. മറ്റുള്ളവരും അത് ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് അതിനുള്ള അവകാശവുമുണ്ട്. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ ബനാന റിപ്പബ്ലിക് അല്ല. ലോകത്ത് ഏതെങ്കിലും രാജ്യം അത്തരം ആവശ്യങ്ങള്‍ അംഗീകരിക്കുമോ? തങ്ങള്‍ ഏതായാലും അത് അംഗീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam