സൗദിയിൽ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങൾക്ക് പ്രത്യേക ബാങ്ക് തുടങ്ങാൻ മന്ത്രിസഭാ തീരുമാനം

By Web TeamFirst Published Feb 18, 2021, 11:34 PM IST
Highlights

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, സ്ഥാപനങ്ങൾക്ക് സ്ഥിരതയും വളർച്ചയും കൈവരിക്കാൻ പിന്തുണ നൽകുക എന്നിവയാണ് ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം വ്യാണിജ്യ സംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടിയുള്ള ജനറൽ അതോറിറ്റിയായ ‘മൻശആത്തി’ന് കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലെ ബാങ്കുകളിലൊന്നായാണ് പ്രവർത്തിക്കുക. 

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, സ്ഥാപനങ്ങൾക്ക് സ്ഥിരതയും വളർച്ചയും കൈവരിക്കാൻ പിന്തുണ നൽകുക എന്നിവയാണ് ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. നൂതനമായ ധനസഹായ പരിഹാരങ്ങൾ നൽകുന്നതിൽ ധനകാര്യ സ്ഥാപനങ്ങളുടെ സംഭാവന വർധിപ്പിക്കുക, സുപ്രധാനവും പ്രധാനപ്പെട്ടതുമായ മേഖലക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കുക, സൗദി അറേബ്യയിലെ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാന സ്തംഭവും വിഷൻ 2030ന്റെ പ്രധാന സഹായിയും ആയിരിക്കുക എന്നിവയും ബാങ്കിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബാങ്കിന്റെ ശാഖകൾ സ്ഥാപിക്കാതെ തന്നെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റൽ രൂപത്തിൽ നൽകുന്നതിലും അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ആഗോളതലത്തിലെ മികച്ച രീതികൾ നടപ്പാക്കുന്നതിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. 

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ദേശീയ പദ്ധതിക്ക് അനുസൃതമായാണ് ബാങ്കിന്റെ സമാരംഭം. നിലവിലെ സ്ഥിതിഗതികൾ വിശലനം ചെയ്തു ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനും ധനകാര്യ വിടവുകൾ തിരിച്ചറിയുന്നതിലും മികച്ച രീതികൾ കണ്ടെത്താൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ബാങ്ക് സ്ഥാപിതമാകുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതും വളർച്ചക്കും അഭിവൃദ്ധിക്കും അവസരങ്ങൾ പ്രദാനം ചെയ്യുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം.

click me!