സൗദി അറേബ്യയിൽ വിനോദ പരിപാടികൾ തിരിച്ചുവരുന്നു, ‘റിയാദ് ഒയാസിസ്’ ആഘോഷം ജനുവരിയിൽ

By Web TeamFirst Published Dec 9, 2020, 7:55 PM IST
Highlights

കൊവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിച്ചുള്ളതാവും പരിപാടികൾ. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ‘റിയാദ് ഒയാസിസ്’ ഉത്സവം വടക്കൻ റിയാദിലെ മൈതാനിയിലാണ് അരങ്ങേറുക. ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. 

റിയാദ്: കൊവിഡ് പൊട്ടിപുറപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിർത്തിവെച്ച വിനോദ പരിപാടികൾ അടുത്ത മാസം പുനഃരാരംഭിക്കും. ഗാനമേളകളും വിവിധ വിനോദ കായിക പരിപാടികളും ഭക്ഷ്യമേളയും ഉൾപ്പെടുന്ന മൂന്നുമാസം നീളുന്ന ഉത്സവത്തിനാണ് ജനുവരിയിൽ റിയാദിൽ തുടക്കമാകുന്നത്. ‘റിയാദ് ഒയാസിസ്’ എന്നാണ് മെഗാ ഇവന്റിന്റെ പേര്. ഇതിന് പിന്നാലെ രാജ്യത്തെ മറ്റ് ഭാഗങ്ങളിലും വിനോദ പരിപാടികൾ തിരിച്ചെത്തും. 

കൊവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിച്ചുള്ളതാവും പരിപാടികൾ. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ‘റിയാദ് ഒയാസിസ്’ ഉത്സവം വടക്കൻ റിയാദിലെ മൈതാനിയിലാണ് അരങ്ങേറുക. ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ഈ ഇവന്റിന്റെ പ്രഖ്യാപനം ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽശൈഖ് കഴിഞ്ഞ ദിവസം നിർവഹിച്ചു. 

വിദേശികളും സ്വദേശികളും ഒരുപോലെയെത്തുന്ന പരിപാടികൾ വ്യത്യസ്ത പ്രമേയങ്ങളിലായിരിക്കും. എണ്ണ ഇതര വരുമാനം ലക്ഷ്യം വെച്ചാണ് ഈ വർഷം തുടക്കത്തിൽ രാജ്യത്ത് ആയിരത്തിലേറെ വിനോദ പരിപാടികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തോടെ ഇവ നിർത്തിവെക്കേണ്ടി വന്നു. പുതിയ സാഹചര്യത്തിൽ അവതരിപ്പിക്കാവുന്ന പരിപാടികളുടെ ആശയം സമർപ്പിക്കാൻ പ്രവാസികൾക്കും സ്വദേശികൾക്കും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അവസരമൊരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച 20 ആശയങ്ങൾക്ക് സമ്മാനവും നൽകും. 

ലോകത്ത് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനുകളിൽ ഏറ്റവും ഫലപ്രദമായത് സൗദിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഭരണാധികാരികൾ. സ്വദേശികൾക്കും പ്രവാസികൾക്കും ഇത് സൗജന്യമായി നൽകും. വാക്സിൻ ഫലപ്രദമായാൽ വിനോദ പരിപാടികൾ പഴയതുപോലെ രാജ്യത്ത് സജീവമാകും. കൂടുതൽ പരിപാടികൾ ഒരേസമയം സംഘടിപ്പിക്കും.

click me!