ഖത്തറില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് മത്സരത്തില്‍ യുഎഇ, സൗദി ടീമുകള്‍ പങ്കെടുക്കും

By Web TeamFirst Published Nov 13, 2019, 10:25 AM IST
Highlights

ഖത്തറില്‍ നടക്കുന്ന മത്സരത്തില്‍ ഒമാന്‍, ഇറാഖ്, യെമന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ മാത്രമായിരുന്നു നേരത്തെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്.

അബുദാബി: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍  നടക്കാനിരിക്കുന്ന 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ ടീമുകള്‍ പങ്കെടുക്കും. പ്രദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.  ഈ മാസം 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് മത്സരം.

ഖത്തറില്‍ നടക്കുന്ന മത്സരത്തില്‍ ഒമാന്‍, ഇറാഖ്, യെമന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ മാത്രമായിരുന്നു നേരത്തെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ടീമുകള്‍ കൂടി പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ മത്സരങ്ങളുടെ സമയക്രമം പുതുക്കിനിശ്ചയിക്കും.

ഗള്‍ഫ് കപ്പ് മത്സരത്തില്‍ സൗദി അറേബ്യ മൂന്ന് തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2003ലായിരുന്നു സൗദിയുടെ അവസാന ജയം. 2007ലും 2013ലും യുഎഇ ആണ് ഗള്‍ഫ് കപ്പില്‍ മുത്തമിട്ടത്. 2017ലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ചത്. 

click me!