സൗദിയിൽ ലെവിയും മറ്റ് സർക്കാർ ഫീസുകളും പുനഃപരിശോധിക്കുമെന്ന് വാണിജ്യ മന്ത്രി

By Web TeamFirst Published Dec 17, 2019, 11:44 PM IST
Highlights

 നാല് വർഷം മുമ്പാണ് തൊഴിലാളികൾക്കും അവരുടെ ആശ്രിതരായി സൗദിയിൽ ഒപ്പം കഴിയുന്നവർക്കും പ്രതിമാസ ലെവി ഏർപ്പെടുത്തിയത്. 

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമുള്ള ലെവിയടക്കം വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ സർക്കാർ ഫീസുകൾ പുനഃപരിശോധിക്കുമെന്ന് വാണിജ്യ നിക്ഷേപക മന്ത്രി ഡോ. മാജിദ് അൽഖസബി. മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി ഇത് സംബന്ധിച്ച സമഗ്ര പഠനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പിൻവലിക്കുമെന്നോ കുറയ്ക്കുമെന്നോ കൂട്ടുമെന്നോ സൂചനകളുണ്ടായിട്ടില്ല. ഫീസും അതേർപ്പെടുത്തിയതിന് ശേഷമുള്ള ഫലങ്ങളുമാണ് പഠനവിധേയമാക്കുന്നത്. നാല് വർഷം മുമ്പാണ് തൊഴിലാളികൾക്കും അവരുടെ ആശ്രിതരായി സൗദിയിൽ ഒപ്പം കഴിയുന്നവർക്കും പ്രതിമാസ ലെവി ഏർപ്പെടുത്തിയത്. 

ഓരോ വർഷവും നിരക്ക് വർധിക്കുന്ന ഘടനയിൽ ഏർപ്പെടുത്തിയ ലെവി വിദേശികൾക്ക് വലിയ ഭാരമായി മാറുകയും കാലങ്ങളായി സൗദിയിൽ കഴിഞ്ഞിരുന്ന വിദേശി കുടുംബങ്ങൾ നല്ലൊരു പങ്ക് ലെവി താങ്ങാനാവാതെ വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയും ചെയ്തിരുന്നു. മുൻനിശ്ചിത തീരുമാനപ്രകാരം 2020ലും ലെവി നിരക്ക് വർധിക്കും. അതിനിടയിലാണ് പുനഃപരിശോധിക്കും എന്ന മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. 

click me!