
റിയാദ്: സൗദി അറേബ്യയിലെ ഓരോ പ്രഭാതത്തിലും അച്ചടിമഷിയുടെ ഗന്ധത്തോടൊപ്പം അറിവു പകർന്നുനൽകിയ ഒരു വലിയ ചരിത്രം ഇവിടെ അവസാനിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള ‘അൽ റിയാദ്’ ദിനപത്രവും സൗദിയിലെ മാധ്യമചരിത്രത്തിന് അടിത്തറയിട്ട ‘അൽ യമാമ’ മാസികയും ഇനി അച്ചടി മഷി പുരളില്ല.
കാലത്തിന്‍റെ ചുവരെഴുത്തുകൾ വായിച്ച്, കടലാസു താളുകളോട് വിടപറഞ്ഞ് പൂർണമായും ഡിജിറ്റൽ ലോകത്തേക്ക് കുടിയേറിയിരിക്കുകയാണ് ഈ പ്രമുഖ പ്രസിദ്ധീകരണങ്ങൾ. സൗദിയുടെ മാധ്യമ തലസ്ഥാനമായ റിയാദിലെ മർഖബിൽ നിന്ന് 1965 മേയ് ഒന്നിന് പ്രയാണം തുടങ്ങിയ ‘അൽ റിയാദ്’ പത്രം പിന്നീട് മലസിലേക്കും അൽ സഹാഫയിലേക്കും ആസ്ഥാനം മാറ്റി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വാർത്താശബ്ദമായി വളരുകയായിരുന്നു. 1953-ൽ തുടക്കമിട്ട അൽ യമാമ മാസികയാകട്ടെ, മേഖലയിലെത്തന്നെ സാംസ്കാരിക വായനയുടെ വഴികാട്ടിയുമായിരുന്നു.
2005 വരെ ഇതേ പ്രസ് ഫൗണ്ടേഷന് കീഴിൽ പുറത്തിറങ്ങിയിരുന്ന ‘റിയാദ് ഡെയിലി’ എന്ന ഇംഗ്ലീഷ് പത്രത്തിലൂടെ നിരവധി മലയാളി മാധ്യമപ്രവർത്തകരും ഈ ചരിത്രവഴികളിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശി നിസാർ അഹമ്മദാണ് ഒടുവിൽ റിയാദ് ഡെയിലിയുടെ വാർത്താതലപ്പത്തുണ്ടായിരുന്നത്. ആഗസ്റ്റ് 24-ന് വരിക്കാരുടെ കൈകളിലെത്തിയ അച്ചടി പതിപ്പാണ് അൽ റിയാദ് പത്രത്തിെൻറ ചരിത്രത്തിലെ അവസാനത്തെ കടലാസ് താൾ. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയും വായനാശീലങ്ങളിലുണ്ടായ മാറ്റവുമാണ് അൽ യമാമ പ്രസ് ഫൗണ്ടേഷനെ ഇത്തരമൊരു നിർണായക തീരുമാനത്തിലേക്ക് നയിച്ചത്.
വിതരണച്ചെലവുകളിലെ വർധനവും പരസ്യവരുമാനത്തിലെ ഇടിവും ലോകമെമ്പാടുമുള്ള അച്ചടിമാധ്യമങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ, തത്സമയ വാർത്തകളും ദൃശ്യാനുഭവങ്ങളും സർവ സ്വാതന്ത്ര്യത്തോടെ നൽകാൻ ഡിജിറ്റൽ ഇടങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. വാർത്തകളുടെയും വിശകലനങ്ങളുടെയും ഗുണനിലവാരത്തിലോ വിശ്വസ്തതയിലോ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, കൂടുതൽ വേഗത്തിൽ വായനക്കാരിലേക്ക് എത്തുകയാണ് ലക്ഷ്യം. ഇനി വെബ്‌സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും ഇ-പേപ്പറുകളിലൂടെയും സ്മാർട്ട് ഫോണുകളിൽ ഈ ചരിത്ര പ്രസിദ്ധീകരണങ്ങൾ തിളങ്ങിനിൽക്കും. അച്ചടിയുടെ ഓർമച്ചെപ്പ് അടയുമ്പോഴും പുതിയ കാലത്തിെൻറ ഡിജിറ്റൽ വഴിത്താരയിൽ വായനയുടെ പുതുവസന്തം തീർക്കുകയാണ് അൽ റിയാദും അൽ യമാമയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam