സൗദി അരാംകോ തിരിച്ചുവരവിന്റെ പാതയില്‍; ഉത്പാദനം 75 ശതമാനത്തിലെത്തി

By Web TeamFirst Published Sep 25, 2019, 4:14 PM IST
Highlights

ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് സൗദി അരാംകോ മുക്തമാവുന്നു. ഉത്പാദനം 75 ശതമാനം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. 

ജിദ്ദ: ഡ്രോണ്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട സൗദി അരാംകോ തകരാറുകള്‍ പരിഹരിച്ച് തിരിച്ചുവരവിന്റെ പാതയില്‍. തടസപ്പെട്ട എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും ചൊവ്വാഴ്ചയോടെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ചയോടെ ഉത്പാദനം പഴയപടിയാക്കാനാവുമെന്നാണ് അരാംകോ അധികൃതരുടെ പ്രതീക്ഷ.

സൗദി അരാംകോയുടെ ഖുറൈസ്, അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്കുനേരെ സെപ്തംബര്‍ 14നാണ് ഡ്രോണ്‍ ആക്രമണങ്ങളുണ്ടായത്. യുദ്ധസമാനമായ സാഹചര്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് 5.7 ദശലക്ഷം ബാരലിന്റെ എണ്ണ ഉത്പാദനമാണ് കുറഞ്ഞത്. എന്നാല്‍ ഈ മാസം അവസാനത്തോടെതന്നെ എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലാക്കുമെന്ന് സൗദി ഊര്‍ജമന്ത്രി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഖുറൈസില്‍ നിന്ന് 1.3 ദശലക്ഷം ബാരലും അബ്ഖൈഖില്‍ നിന്ന് മൂന്ന് ദശലക്ഷം ബാരലും ഉത്പാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി 1.4 ദശലക്ഷം ബാരലിന്റെ കുറവുമാത്രമാണുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ എണ്ണ ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാന്‍ തങ്ങളുടെ കരുതല്‍ ശേഖരമാണ് സൗദി ഉപയോഗിക്കുന്നത്.

click me!