സൗദിയിൽ നാല് നഗരങ്ങളിൽ കൂടി നാളെ മുതൽ ട്രാക്ക് നിരീക്ഷണം; സൂക്ഷിച്ചില്ലെങ്കില്‍ 'പണി കിട്ടും'

By Web TeamFirst Published Dec 8, 2020, 6:59 PM IST
Highlights

ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ ഇത് നടപ്പാക്കിയിരുന്നു. രണ്ടാംഘട്ടത്തിലാണ് മറ്റ് നാല് പട്ടണങ്ങളിൽ കൂടി ബുധനാഴ്ച നടപ്പാക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളിൽ വാഹനങ്ങളുടെ ട്രാക്ക് ലംഘനം കുറ്റകൃത്യമായി മാറി. 

റിയാദ്: റോഡുകളിൽ വാഹനങ്ങളുടെ ട്രാക്ക് ലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം ബുധനാഴ്ച മുതൽ സൗദിയിലെ കൂടുതൽ നഗരങ്ങളിൽ നടപ്പാക്കും. ജീസാൻ, ത്വാഇഫ്, അൽബാഹ, അൽജൗഫ് എന്നീ നഗരങ്ങളിലെ റോഡുകളിലാണ് ട്രാക്ക് നിയമലംഘനം നിരീക്ഷിക്കലും ശിക്ഷാനടപടിയും ആരംഭിക്കുന്നത്. 

ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ ഇത് നടപ്പാക്കിയിരുന്നു. രണ്ടാംഘട്ടത്തിലാണ് മറ്റ് നാല് പട്ടണങ്ങളിൽ കൂടി ബുധനാഴ്ച നടപ്പാക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളിൽ വാഹനങ്ങളുടെ ട്രാക്ക് ലംഘനം കുറ്റകൃത്യമായി മാറി. റോഡുകളിൽ ഓടുന്ന വാഹനങ്ങൾ നിശ്ചിത ട്രാക്കുകൾ ലംഘിക്കുന്നോ എന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലെ കാമറ വഴി നിരീക്ഷിക്കുകയും ലംഘനം ശ്രദ്ധയിൽപെട്ടാൽ പിഴ ചുമത്തുകയും ചെയ്യും. 

ട്രാഫിക്ക് സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ട്രാഫിക്ക് വകുപ്പ് വ്യക്തമാക്കി. ട്രാക്കുകൾ പാലിക്കാതെയുള്ള ഡ്രൈവിങ് നിയമലംഘനമാണ്. അപകടങ്ങൾക്കും ഗതാഗതകുരുക്കിനും ഇത് കാരണമാകുന്നു. സാങ്കേതിക, സുരക്ഷ കൺട്രോളിങ് രംഗത്ത് ശ്രദ്ധേയരായ സൗദി കമ്പനി വികസിപ്പിച്ചെടുത്ത ‘തഹകും’ എന്ന സാങ്കേതിക സംവിധാനമുപയോഗിച്ചാണ് ട്രാക്കുകൾ നിരീക്ഷിക്കുകയും നിയമലംഘനം കാമറകളിൽ പകർത്തുകയും ചെയ്യുന്നത്. നിയമലംഘകർക്ക് 300 റിയാലിനും 500 റിയാലിനുമിടയിൽ പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു.

click me!