സുരക്ഷിതമെന്ന് വിശ്വസിപ്പിച്ചു, സൗന്ദര്യം വർധിപ്പിക്കാൻ ‘എക്സോസോം’; രണ്ട് ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി സൗദി അധികൃതർ

Published : Jun 19, 2026, 10:36 AM IST
cosmetic surgery

Synopsis

ശാസ്ത്രീയ അംഗീകാരമില്ലാത്ത 'എക്സോസോം' സൗന്ദര്യവർധക കുത്തിവെപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച രണ്ട് ഡോക്ടർമാരുടെ ലൈസൻസ് ആരോഗ്യ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തിയതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

റിയാദ്: ശാസ്ത്രീയ അംഗീകാരമില്ലാത്ത ‘എക്സോസോം’ എന്ന സൗന്ദര്യവർധക കുത്തിവെപ്പ് പ്രോത്സാഹിപ്പിച്ച രണ്ട് ഡോക്ടർമാരുടെ ലൈസൻസ് സൗദി ആരോഗ്യ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രമോഷണൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ അടിയന്തര നടപടി.

തങ്ങളുടെ ഔദ്യോഗിക പദവിയും കുടുംബബന്ധവും ദുരുപയോഗം ചെയ്ത് ഈ കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി ഡോക്ടർമാരിൽ ഒരാൾ സ്വന്തം സഹോദരനിൽ നിന്ന് കുത്തിവെപ്പ് സ്വീകരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകൾക്ക് പകരം വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ വിശ്വാസ്യതയെ ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.

യഥാർത്ഥത്തിൽ ചർമ്മത്തിന് പുറത്ത് (ബാഹ്യ ഉപയോഗത്തിന്) മാത്രം ഉപയോഗിക്കേണ്ട ഈ ഉൽപ്പന്നം കുത്തിവെപ്പിലൂടെ ശരീരത്തിനുള്ളിലേക്ക് കടത്തിയത് ഗുരുതരമായ നിയമലംഘനമാണ്. വ്യക്തിപരമായ അനുഭവങ്ങളോ വിശ്വാസങ്ങളോ അല്ല, മറിച്ച് ശാസ്ത്രീയ പഠനങ്ങളും ഔദ്യോഗിക അംഗീകാരങ്ങളും മാത്രമാണ് ഒരു ഉൽപ്പന്നത്തിന്റെ സുരക്ഷ നിശ്ചയിക്കുന്നത്.

വാണിജ്യ ആവശ്യത്തിനായി മെഡിക്കൽ പദവി ദുരുപയോഗം ചെയ്യുക, തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുക, ഉൽപ്പന്നങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അശാസ്ത്രീയ ചികിത്സാരീതികൾ രാജ്യത്ത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും, ഹെൽത്ത് പ്രഫഷണൽ പ്രാക്ടീസ് നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – 50 മില്യൺ ഡോളർ നേടാനുള്ള അവസാന അവസരം
മെത്താംഫെറ്റമിനും ഹാഷിഷും ലഹരി ഗുളികകളുമടക്കം വൻ മയക്കുമരുന്ന് ശേഖരം; വ്യത്യസ്ത കേസുകളിൽ 14 പേർ പിടിയിൽ