അമ്മയെ ഗള്‍ഫില്‍ കൊണ്ടുപോയി പരിചരിച്ച മലയാളിക്ക് പിഴ ഒഴിവാക്കി നല്‍കി സൗദി അധികൃതര്‍

By Web TeamFirst Published Jan 16, 2019, 11:03 AM IST
Highlights

സൗദിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷ് അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ അമ്മ ചന്ദ്രവല്ലിയെ 10 വര്‍ഷം മുന്‍പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. വിസ്റ്റിങ് വിസയില്‍ അമ്മ വന്നുപോവുകയായിരുന്നു പതിവ്. 

റിയാദ്:  രോഗിയായ അമ്മയെ പരിചരിക്കാന്‍ ഒപ്പം നിര്‍ത്തിയ മലയാളിക്ക് പിഴയില്‍ ഇളവ് അനുവദിച്ച് സൗദി അധികൃതര്‍. വിസ കാലാവധി കഴിഞ്ഞെങ്കിലും വൃദ്ധയും രോഗിയുമായ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്നതിനാലാണ് അനധികൃതമായി രാജ്യത്ത് തങ്ങിയതിന്റെ പേരില്‍ പിഴ ഒടുക്കേണ്ട സാഹചര്യമുണ്ടായത്. എന്നാല്‍ അമ്മയെ പരിചരിക്കാനായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ ഇത് ഒഴിവാക്കി നല്‍കുകയായിരുന്നു. ഗള്‍ഫ് മാധ്യമമാണ് ദമ്മാമില്‍ നിന്നുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗദിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷ് അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ അമ്മ ചന്ദ്രവല്ലിയെ 10 വര്‍ഷം മുന്‍പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. വിസ്റ്റിങ് വിസയില്‍ അമ്മ വന്നുപോവുകയായിരുന്നു പതിവ്. അന്ന് വിവാഹം കഴിച്ചിട്ടില്ലായിരുന്ന സന്തോഷ് ജോലിക്ക് പോകുന്നതിന് മുന്‍പ് താമസ സ്ഥലത്ത് അമ്മയ്ക്ക് ആവശ്യമായതെല്ലാം ഒരുക്കി വെയ്ക്കുമായിരുന്നു. ഉച്ചയ്ക്ക് കിട്ടുന്ന ഒരു മണിക്കൂര്‍ ഇടവേളയിലും ഓടിയെത്തി അമ്മയെ പരിചരിക്കും. ഇങ്ങനെയിരിക്കെ മൂന്ന് വര്‍ഷം മുന്‍പ് അമ്മയ്ക്ക് അല്‍ഷിമേഴ്സ് രോഗം ബാധിച്ച് ഒര്‍മ നശിച്ചു. ഇതോടെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞും നാട്ടിലേക്ക് പോകാന്‍ കഴിയാതെ വന്നും. ഇങ്ങനെയാണ് താമസം അനധികൃതമായതും 15,000 റിയാല്‍ പിഴയടക്കേണ്ട സാഹചര്യമുണ്ടായതും.

ജോലി ചെയ്തിരുന്ന കമ്പനിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതോടെ എക്സിറ്റ് വാങ്ങി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും അമ്മയുടെ അനധികൃത താമസത്തിന് പിഴയടയ്ക്കേണ്ടത് പ്രതിസന്ധിയായി. സാമൂഹിക പ്രവര്‍ത്തകനായ ഷാജി വയനാടിന്റെ സഹായത്തോടെ അധികൃതര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി അപേക്ഷ നല്‍കുകയായിരുന്നു. വൃദ്ധയായ അമ്മയോടുള്ള സന്തോഷിന്റെ സ്നേഹം മനസിലാക്കി അധികൃതര്‍ ഈ തുക പൂര്‍ണമായി ഒഴിവാക്കി നല്‍കി. ഇനി നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ല. 

ഏഴ് വര്‍ഷം മുന്‍പ് 53-ാം വയസിലാണ് സന്തോഷ് വിവാഹം കഴിച്ചത് പോലും. മരണം വരെ അമ്മയെ ഒപ്പം നിന്ന് പരിചരിക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹവും. ജീവിത നേട്ടങ്ങള്‍ സ്വപ്നം കാണുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ ബാധ്യതയായി തോന്നുന്നവര്‍ ഏറെയുള്ള കാലത്ത് അറിഞ്ഞിരിക്കേണ്ട മാതൃകയാണ് ഈ പ്രവാസി.

click me!