Latest Videos

സൗജന്യ കൊവിഡ് വാക്സിന്‍; സൗദിയില്‍ രജിസ്ട്രേഷന്‍ തുടങ്ങി

By Web TeamFirst Published Dec 15, 2020, 8:07 PM IST
Highlights

മൂന്നു ഘട്ടങ്ങളായാണ് വാക്സിന്‍ നല്‍കുക. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. രോഗസാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കും.

റിയാദ്: വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്ട്രേഷന്‍ ഇന്നുമുതല്‍ തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ 'സിഹ്വതീ' എന്ന മൊബൈല്‍ ആപ്ലികേഷന്‍ വഴിയാണ് വാക്സിന്‍ എടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മൂന്നു ഘട്ടങ്ങളായാണ് വാക്സിന്‍ നല്‍കുക. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. രോഗസാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കും. കൂടാതെ ഹൃദ്രോഗം, പ്രമേഹം, പക്ഷഘാതം ഉണ്ടായവര്‍, വൃക്ക രോഗം തുടങ്ങിയ ഏതെങ്കിലും രണ്ടോ അതിലധികമോ രോഗമുള്ളവര്‍ക്കും ഒന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. 50 വയസിനു മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ശ്വാസകോശ രോഗങ്ങള്‍,  അര്‍ബുദം, നേരത്തെ സ്‌ട്രോക്ക് വന്നവര്‍ എന്നിവരെയും രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ താല്പര്യമുള്ള എല്ലാ വിദേശികളെയും സ്വദേശികളെയും പരിഗണിക്കും.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുന്നത്.

click me!