ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് സൗദി അറേബ്യയിൽ ഊഷ്‌മള വരവേൽപ്പ്

By Web TeamFirst Published Jul 12, 2021, 10:46 AM IST
Highlights

ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാരുടെ സാന്നിധ്യത്തിൽ ഒമാന്‍-സൗദി ഏകോപന സമിതി രൂപീകരിക്കുന്നതിനായി  ധാരണാപത്രം ഒപ്പുവച്ചു.

മസ്‍കത്ത്: സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്റെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ
സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ്  അൽ സൈദിന് സൗദി അറേബ്യ ഊഷ്‌മള  സ്വീകരണമാണ് നൽകിയത്. 'നിയോം ബേ'  വിമാനത്താവളത്തിലെത്തിയ ഒമാൻ സുൽത്താനെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാൻ അൽ സഊദ് സ്വീകരിച്ചു.

പിന്നീട് നിയോം രാജ കൊട്ടാരത്തിൽ എത്തിയ  ഒമാൻ സുൽത്താനെ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ  ഒരുമിച്ച് പ്രവർത്തിക്കുവാനുമുള്ള  പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചർച്ചകളും ഇരു നേതാക്കന്മാർ നടത്തി. ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാരുടെ സാന്നിധ്യത്തിൽ ഒമാന്‍-സൗദി ഏകോപന സമിതി രൂപീകരിക്കുന്നതിനായി  ധാരണാപത്രം ഒപ്പുവച്ചു.

ഒമാനും  സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ഊര്‍ജിതപ്പെടുത്താനും വിപുലീകരിക്കുവാനുമാണ് ഒമാന്‍-സൗദി ഏകോപന സമിതി ലക്ഷ്യമിടുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സൗദി വിദേശകാര്യ മന്ത്രി   ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് രാജകുമാരനുമാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്. സന്ദർശനവേളയിൽ സംയുക്ത താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ കരാറുകളിലും മറ്റ് ധാരണാപത്രങ്ങളിലും ഒപ്പുവെക്കും.

സുൽത്താൻ ഹൈതം ബിൻ താരിഖിനോടൊപ്പം, ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക്ക് അൽ സെയ്ദ്, റോയൽ  ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ സഊദ് അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി  ലെഫ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, ആഭ്യന്തര മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, വിദേശകാര്യ മന്ത്രി, സയീദ് ബിൻ ഹമൂദ് ബിൻ സയീദ് അൽ മാവാലി, ഗതാഗത, വാർത്താവിനിമയ മന്ത്രാലയം, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രി  ഖൈസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസഫ്, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, സൗദി അറേബ്യയിലെ ഒമാൻ സ്ഥാനപതി സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സെയ്ദ് എന്നിവരും നിയോം രാജ കൊട്ടാരത്തിൽ എത്തിയിരുന്നു.

click me!