എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ ആക്രമിച്ചവരെ വെറുതെവിടില്ലെന്ന് സൗദി ഊര്‍ജമന്ത്രി

By Web TeamFirst Published Sep 19, 2019, 5:05 PM IST
Highlights

സൗദിയിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ലോക സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഊര്‍ജമന്ത്രി ആരോപിച്ചു. സൗദിയില്‍ നിന്ന് എണ്ണ വാങ്ങാത്ത രാജ്യങ്ങളെപ്പോലും ഇത്തരം ആക്രമണങ്ങള്‍ ബാധിക്കും. 

റിയാദ്: സൗദി അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ ആക്രമിച്ചവരെ വെറുതെവിടില്ലെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി ആക്രമങ്ങള്‍ക്ക് പിന്നിലാരാണെന്ന് നിര്‍ണയിക്കുമെന്നും ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ തന്നെയുള്ള വിദഗ്ധരുമായി സഹകരിക്കുമെന്നും സൗദി അറിയിച്ചു.

സൗദിയിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ലോക സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഊര്‍ജമന്ത്രി ആരോപിച്ചു. സൗദിയില്‍ നിന്ന് എണ്ണ വാങ്ങാത്ത രാജ്യങ്ങളെപ്പോലും ഇത്തരം ആക്രമണങ്ങള്‍ ബാധിക്കും. ഭീകരതയ്ക്ക് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ ലോകം മുന്നിട്ടിറങ്ങണം. ആക്രമണത്തിന് ശേഷം എണ്ണ ഉത്പാദനം തടസപ്പെട്ടുവെങ്കിലും കൂറ്റന്‍ കരുതല്‍ സംഭരണികളില്‍ നിന്നുള്ള എണ്ണ ഉപയോഗിച്ച് വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. സൗദിയിലും വിദേശത്തുമായി പെട്രോളിയം ഉത്പന്നങ്ങളുടെ വലിയ കരുതല്‍ ശേഖരം സൗദി അരാംകോയ്ക്കുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം അതിന്റെ അളവ് വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞു.

അരാംകോ ആക്രമണത്തിന് ശേഷം സൗദിയുടെ എണ്ണ ഉത്പാദനത്തില്‍ 57 ലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടായത്. ഇതില്‍ 45 ലക്ഷവും ബഖീഖ് പ്ലാന്റില്‍ നിന്ന് ഉത്പാദിച്ചിരുന്നതാണ്. ഈമാസം അവസാനത്തോടെ പ്രതിദിന ഉത്പാദനം 11 ദശലക്ഷം ബാരലാക്കി ഉയര്‍ത്തും. നവംബര്‍ അവസാനത്തോടെ ഉത്പാദനം 12 ദശലക്ഷം ബാരലാക്കുമെന്നും സൗദി അറിയിച്ചു.

click me!