2021ലേക്കുള്ള 5710 കോടി ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദിന്‍റെ അംഗീകാരം

By Web TeamFirst Published Dec 28, 2020, 8:39 AM IST
Highlights

 ആകെ വരുമാനത്തില്‍ നാല് ശതമാനം എണ്ണയില്‍ നിന്നും വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ഇനത്തില്‍ 59% വും നികുതി ഇനത്തില്‍ 31% വും നിക്ഷേപത്തില്‍ നിന്നും ആറ് ശതമാനവും വരുമാനം പ്രതീക്ഷിക്കുന്നു.  

ദുബൈ: 2021ലെ ദുബൈ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അംഗീകാരം. 5710 കോടി ദിര്‍ഹത്തിന്റെ ബജറ്റിനാണ് അംഗീകാരം നല്‍കിയത്. സാമ്പത്തികരംഗം വീണ്ടെടുക്കുന്നത് ത്വരിതപ്പെടുത്തുക, സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അടിയന്തര സേവനമേഖല, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്‌കാരിക, നിക്ഷേപ മേഖലകള്‍ എന്നിങ്ങനെ രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടാണ് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 

2021ലേക്ക് മാറ്റിവെച്ച എക്‌സ്‌പോ 2020നുള്ള തുകയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. 5616 കോടി ദിര്‍ഹത്തിന്റെ ചെലവും 5231.4 കോടി ദിര്‍ഹത്തിന്റെ വരുമാനവും ബജറ്റില്‍ കണക്കാക്കുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുറയ്ക്കുകയും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്തത് മൂലമാണ് വരുമാനത്തില്‍ കുറവുണ്ടായത്.  ആകെ വരുമാനത്തില്‍ നാല് ശതമാനം എണ്ണയില്‍ നിന്നും വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ഇനത്തില്‍ 59% വും നികുതി ഇനത്തില്‍ 31% വും നിക്ഷേപത്തില്‍ നിന്നും ആറ് ശതമാനവും വരുമാനം പ്രതീക്ഷിക്കുന്നു.  
 

click me!