തേനീച്ചകളെ ശരീരത്തില്‍ പൊതിഞ്ഞ് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമം പാതിവഴിയില്‍ പൊളിഞ്ഞു

By Web TeamFirst Published Sep 13, 2018, 8:08 PM IST
Highlights

സുഹൈര്‍ അമീന്‍ ഫത്താനി എന്നയാളാണ്  തേനീച്ചകളെ ശരീരത്തില്‍ പൊതിഞ്ഞത്. 63.7 കിലോഗ്രാം തൂക്കം വരുന്ന തേനീച്ചകളെ ശരീരത്തില്‍ ഒരു മണിക്കൂറും 20 മിനിറ്റും പൊതിഞ്ഞതായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. ഇത് തകര്‍ക്കാനായിരുന്നു സൗദി പൗരന്റെ ശ്രമം

തബൂക്ക്: തേനീച്ചകളുടെ തോഴനായി പ്രശസ്തിയാര്‍ജ്ജിച്ച സൗദി പൗരന് ഗിന്നസ് റെക്കോര്‍ഡിനായുള്ള ശ്രമത്തിനിടെ അടിതെറ്റി. ശരീരം മുഴുവന്‍ തേനീച്ചകളെക്കൊണ്ട് പൊതിഞ്ഞ് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമമാണ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്.

സുഹൈര്‍ അമീന്‍ ഫത്താനി എന്നയാളാണ്  തേനീച്ചകളെ ശരീരത്തില്‍ പൊതിഞ്ഞത്. 63.7 കിലോഗ്രാം തൂക്കം വരുന്ന തേനീച്ചകളെ ശരീരത്തില്‍ ഒരു മണിക്കൂറും 20 മിനിറ്റും പൊതിഞ്ഞതായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. ഇത് തകര്‍ക്കാനായിരുന്നു സൗദി പൗരന്റെ ശ്രമം. എന്നാല്‍ 49 കിലോഗ്രാം തേനീച്ചകളെ (3,43,000 ഈച്ചകള്‍) മാത്രമേ ശരീരത്തില്‍ വഹിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അതോടെ അദ്ദേഹം അവശനായി പരീക്ഷണം അവസാനിപ്പിച്ചു.

തബൂക്കില്‍ വെച്ചായിരുന്നു ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ഉദ്യമം തുടങ്ങിയത്. ഗിന്നസ് അധികൃതരുടെ അപ്പോയിന്റ്മെന്റും വാങ്ങി. ഇത് ചിത്രീകരിക്കുന്നതിനെയാണ് അവശനായി ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നത്. ഇതോടെ പരീക്ഷണം മറ്റൊരും ദിവസത്തേക്ക് മാറ്റിവെയ്ക്കുകയാണെന്ന് സുഹൈര്‍ അറിയിച്ചു. നൂറുകണക്കിന് തേനീച്ചകളുടെ കടിയേറ്റെന്നും എന്നാല്‍ അതുകൊണ്ട് ശരീരത്തില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ അതിജീവിക്കാനുള്ള കഴിവ് താന്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

100 കിലോഗ്രാം ഭാരം വരുന്ന തേനീച്ചകളെ ശരീരത്തില്‍ വഹിക്കാനായിരുന്നു തീരുമാനം. തേനീച്ചകളോടുള്ള ഇഷ്ടം കാരണം 1500ഓളം തേനീച്ചക്കൂടുകളാണ് ഇയാള്‍ പരിപാലിക്കുന്നത്. എന്നാല്‍ ഒരുശ്രമം പരാജയപ്പെട്ടത് കൊണ്ട് പിന്‍തിരിയാന്‍ അദ്ദേഹത്തിന് ഉദ്ദേശമില്ല. കടുത്ത ചൂടും മറ്റ് ചില കാരണങ്ങളുമാണ് തിരിച്ചടിച്ചത്. അടുത്ത ശ്രമത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് തന്നെയാണ് ആത്മവിശ്വാസം.

click me!