സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ്

By Web TeamFirst Published Sep 24, 2019, 11:31 AM IST
Highlights

വ്യവസായ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശികൾക്ക് അഞ്ചുവർഷത്തേക്ക് ലെവി ഇളവ് നല്‍കും. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് സമാന രീതിയിൽ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു.

റിയാദ്: സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ വിദേശികൾക്ക് ലെവി ഇളവ് നൽകും. വ്യവസായ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അഞ്ചുവർഷത്തേക്കാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കുക.

വ്യവസായ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര പോംവഴികൾ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാൻ തീരുമാനമായത്. സമഗ്ര സാമ്പത്തിക പരിഷ്കരണ പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായി വ്യവസായ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കയറ്റുമതി ഉയർത്താനും ലക്ഷ്യമിട്ടാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവിയിൽ ഇളവ് അനുവദിക്കുന്നത്. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് സമാന രീതിയിൽ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു.

ഒൻപതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് അഞ്ചു വർഷത്തേക്കാണ് ലെവി ഇളവ് അനുവദിച്ചിരുന്നത്.
ഇതിനകം അഞ്ചു വർഷക്കാലം പദ്ധതി പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം അവസാനിച്ചിട്ടുണ്ട്.
2014 മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ പ്രതിമാസ ലെവി ഈ വർഷം 600 റിയാലും സ്വദേശികളേക്കാൾ കുറവ് വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി 500 റിയാലുമാണ്. എന്നാൽ അടുത്ത വർഷം ഇത് യഥാക്രമം 800 റിയാലും 700 റിയാലുമായി ഉയരും.

click me!