പ്രവാസിയുടെ വണ്ടിയിൽ നിന്ന് പഴ്സും പണവും രേഖകളും മോഷ്ടിച്ച പ്രതി കുവൈത്തിൽ പിടിയിൽ. പഴ്സ്, 90 കുവൈത്തി ദിനാർ പണം, ബാങ്ക് കാർഡ്, സിവിൽ ഐഡി കാർഡുകൾ, കൂടാതെ സബ്സിഡി ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

കുവൈത്ത്: കുവൈത്തിലെ ഹവല്ലി പ്രദേശത്ത് പ്രവാസിയുടെ വാഹനത്തിൽ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ ഒരു കുവൈത്തി പൗരനെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. അധികൃതരുടെ വിവരങ്ങൾ പ്രകാരം പ്രവാസിയുടെ കാറിൽ നിന്ന് പഴ്സ്, 90 കുവൈത്തി ദിനാർ പണം, ബാങ്ക് കാർഡ്, സിവിൽ ഐഡി കാർഡുകൾ, കൂടാതെ സബ്സിഡി ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

ബാങ്ക് കാർഡ് ഉപയോഗിച്ച് 65 ദിനാർ പിൻവലിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിഞ്ഞത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് പിടിയിലായ പ്രതി മോഷണം സമ്മതിക്കുകയും മോഷ്ടിച്ച ഭക്ഷ്യവസ്തുക്കൾ തന്റെ കുടുംബത്തിന് നൽകിയതായി വെളിപ്പെടുത്തുകയും ചെയ്തു. ബാങ്ക് കാർഡിന്റെ പിൻ നമ്പർ പഴ്സിനുള്ളിൽ സൂക്ഷിക്കരുതെന്നും, കാർഡിൽ തന്നെ എഴുതി വയ്ക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അശ്രദ്ധകൾ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.