സൗദി-ഇന്ത്യ ബിസിനസ് കൂട്ടായ്മ സൗദി വ്യാപകമാക്കി പ്രവര്‍ത്തനം പുനരാരംഭിച്ചു

By Web TeamFirst Published Sep 17, 2020, 9:56 AM IST
Highlights

അടുത്ത കാലത്തായി ഉഭയകക്ഷി ബന്ധം മിക്കവാറും എല്ലാ മേഖലകളിലും മുന്നേറുകയും രണ്ടു രാജ്യങ്ങളും ഇപ്പോള്‍ തന്ത്രപരമായ പങ്കാളികളായിരിക്കുകയും ചെയ്യുന്നതിനാല്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കള്‍ ഒരു സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സാമ്പത്തിക വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി-ഇന്ത്യന്‍ ബിസിനസ് നെറ്റ്‍വര്‍ക്ക് (എസ്.ഐ.ബി.എന്‍) സൗദി വ്യാപകമാക്കി പ്രവര്‍ത്തനം പുനരാരംഭിച്ചു. ജിദ്ദ കേന്ദ്രമാക്കി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യ, സൗദി ബിസിനസ് കൂട്ടായ്മയാണ്  സൗദിയുടെ മറ്റ് ഭാഗങ്ങളിേലകകും വ്യാപിപ്പിക്കുന്നതെന്ന് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. 

അടുത്ത കാലത്തായി ഉഭയകക്ഷി ബന്ധം മിക്കവാറും എല്ലാ മേഖലകളിലും മുന്നേറുകയും രണ്ടു രാജ്യങ്ങളും ഇപ്പോള്‍ തന്ത്രപരമായ പങ്കാളികളായിരിക്കുകയും ചെയ്യുന്നതിനാല്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കള്‍ ഒരു സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം പലമടങ്ങ് വര്‍ധിക്കുകയും ഉഭയകക്ഷി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം വ്യാപിക്കുകയും ചെയ്തതിനാല്‍ ശൃംഖലയുടെ വിപുലീകരണം അനിവാര്യമാണ്. സൗദി-ഇന്ത്യന്‍ ബിസിനസ് നെറ്റ്‍വര്‍ക്കില്‍ പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരും സൗദി ആസ്ഥാനമായുള്ള പ്രഫഷനലുകളും ഇന്ത്യയുമായി ഇടപഴകുന്ന അവരുടെ പങ്കാളികളും ഉള്‍പ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. 

വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദി നല്‍കാനും ദ്വിമുഖ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നുവെന്ന് അംബാസഡര്‍ വ്യക്തമാക്കി. രാജ്യം വാഗ്ദാനം ചെയ്യുന്ന വിശാലമായ അവസരങ്ങളെക്കുറിച്ച് ഇന്ത്യന്‍ കമ്പനികളെ അറിയിക്കുന്നതിനുള്ള ഒരു ജാലകമായി ഇത് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സുഗമമാക്കുമെന്നും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ബിസിനസ് കമ്യൂണിറ്റികള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. എസ്.ഐ.ബി.എന്നിന് റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ ഘടകങ്ങളും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചാപ്റ്റര്‍ തിരിച്ചുള്ള കമ്മിറ്റികളും ഉണ്ടാകുമെന്നും ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ അംബാസഡര്‍ വ്യക്തമാക്കി. റിയാദ് റീജനല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഖലീദ് അല്‍അബൂദി, ജിദ്ദയുടെ ചുമതലയുള്ള മസെന്‍ ബാറ്റര്‍ജി, ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ഹസ്സന്‍ അല്‍ഖഹ്താനി തുടങ്ങി 200ലധികം സംരംഭകര്‍ പങ്കെടുത്തു. 
 


 

click me!