ഗതാഗത നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഇനി കഠിന ശിക്ഷ

Published : Sep 10, 2018, 10:31 AM ISTUpdated : Sep 19, 2018, 09:17 AM IST
ഗതാഗത നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഇനി കഠിന ശിക്ഷ

Synopsis

ദിവസവും 20 പേരോളം രാജ്യത്ത് വാഹനാപകടത്തില്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ റോഡുകള്‍ കുടുതല്‍ സുരക്ഷിതമാക്കാനും അപകടന നിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

റിയാദ്: ഗതാഗത നിയമലംഘനങ്ങള്‍ക്ക് സൗദി അറേബ്യ കുടുതല്‍ കഠിനമായ ശിക്ഷകള്‍ പ്രഖ്യാപിച്ചു. ദിവസവും 20 പേരോളം രാജ്യത്ത് വാഹനാപകടത്തില്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ റോഡുകള്‍ കുടുതല്‍ സുരക്ഷിതമാക്കാനും അപകടന നിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.

100 മുതല്‍ 150 റിയാല്‍ വരെയാണ് ഇനി ഏറ്റവും താഴ്ന്ന പിഴ ശിക്ഷ ലഭിക്കുന്നത്. എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം വാഹനങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകുക, ഇന്‍ഷുറന്‍സ് രേഖകള്‍ കൈവശം കരുതാതിരിക്കുക, കാല്‍നടയാത്രക്കാരെ റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവയ്ക്ക് പുറമെ നിശ്ചിത സ്ഥലങ്ങളില്‍ അല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും ഈ ശിക്ഷ ലഭിക്കും.

ലേന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാതിരിക്കുക, മെയിന്‍ റോഡുകളില്‍ 20 മീറ്ററിലധികം റിവേഴ്സ് എടുക്കുക, ലൈസന്‍സ് കൈയ്യില്‍ കരുതാതെ വാഹനം ഓടിക്കുക, അമിതമായ ഹോണ്‍ ഉപയോഗം, വാഹനം യഥാസമയം അറ്റകുറ്റപ്പണി നടത്താതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക, അപകട സ്ഥലങ്ങളില്‍ തിരക്ക് കൂട്ടുക, വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക എന്നിവയ്ക്ക് 150 മുതല്‍ 300 റിയാല്‍ വരെയായിരിക്കും പിഴ ശിക്ഷ ലഭിക്കുക.

വാഹനങ്ങളില്‍ നിന്ന് ചപ്പുചവറുകള്‍ വലിച്ചെറിയുക, ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുക, കാലാവധി കഴിഞ്ഞ ലൈസന്‍സുമായി വാഹനം ഓടിക്കുക, ചൈല്‍ഡ് സീറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെ ശിക്ഷ ലഭിക്കും.

സൈറന്‍ മുഴക്കി പോകുന്ന എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുകയോ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്താതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെയായിരിക്കും ശിക്ഷ. വാഹനങ്ങളില്‍ വാക്കുകളും വാചകങ്ങളും എഴുതിവെയ്ക്കുക, സ്റ്റിക്കറുകള്‍ പതിക്കുക, അനുവദനീയമായ പരിധിക്കപ്പുറം ഗ്ലാസുകള്‍ മറയ്ക്കുക തുടങ്ങിയ കുറ്റങ്ങളും ഈ വിഭാഗത്തിലാണ് പെടുന്നത്.

നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അല്ലെങ്കില്‍ തകരാറിലായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചോ വാഹനം ഓടിച്ചാല്‍ 1000 മുതല്‍ 2000 റിയാല്‍ വരെ പിഴ കിട്ടും. അനുവദിച്ചിട്ടുള്ള പരിധിക്കപ്പുറം ആളുകളെ കയറ്റുന്നതും രാത്രിയില്‍ ലൈറ്റ് ഓണ്‍ ചെയ്യാതെ വാഹനം ഓടിക്കുന്നതും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക.

ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്താതെ പോയാല്‍ 3000 മുതല്‍ 6000 റിയാല്‍ വരെ ശിക്ഷ ലഭിക്കും. കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ സ്കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യുക, തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുക തുടങ്ങിയവക്കും ഇത് തന്നെയാണ് ശിക്ഷ. മറ്റ് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് യാത്ര ചെയ്താലോ നമ്പര്‍ പ്ലേറ്റ് മറച്ചുവെയ്ക്കുകയോ ചെയ്താല്‍ 5000 മുതല്‍ 10,000 റിയാല്‍ വരെയാണ് പിഴ.

ഇതിന് പുറമേ അപകടങ്ങളുണ്ടാക്കിയല്‍ ലഭിക്കാവുന്ന ശിക്ഷകളും കഠിനമാക്കിയിട്ടുണ്ട്. അപകടത്തില്‍ 15 ദിവസമെങ്കിലും ആശുപത്രിയില്‍ കിടക്കേണ്ടി വരുന്ന പരിക്ക് പറ്റിയാല്‍ വാഹനം ഓടിച്ചയാള്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയും ലഭിക്കും.  അപകടങ്ങളില്‍ ആളുകള്‍ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ നാല് വര്‍ഷം ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ഇനി ശിക്ഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി