ഉംറ തീർഥാടകരല്ലാത്തവർക്ക് കഅ്ബ പ്രദക്ഷിണത്തിന് അനുമതി

By Web TeamFirst Published Mar 7, 2020, 10:07 PM IST
Highlights

ശനിയാഴ്ച രാവിലെ മുതൽ മത്വാഫ് തുറന്നുകൊടുക്കാനാണ് സൽമാൻ രാജാവ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കി.

റിയാദ്: ഉംറ തീർഥാടകരല്ലാത്തവർക്ക് കഅ്ബ പ്രദക്ഷിണത്തിന് മത്വാഫ് തുറന്നു കൊടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ചു. ശനിയാഴ്ച രാവിലെ മുതൽ മത്വാഫ് തുറന്നുകൊടുക്കാനാണ് സൽമാൻ രാജാവ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കി.

എല്ലാവരും മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിക്കണം. ഹറമിൽ സേവനത്തിലേർപ്പെട്ട ജോലിക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്ക് ആശ്വാസവും സമാധാനവും സുരക്ഷയും നൽകാൻ ഭരണകൂടം കാണിക്കുന്ന ശ്രമങ്ങളെ ഇരുഹറം കാര്യാലയ മേധാവി എടുത്തു പറഞ്ഞു.  കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മുൻകരുതലെന്നോണം  വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മത്വാഫിലേക്കുള്ള പ്രവേശനം ഇരുഹറം കാര്യാലയം താത്കാലികമായി നിർത്തലാക്കിയത്. അണുമുക്തമാക്കുന്ന ജോലികളാണ് ആദ്യ നടന്നത്. തുടർന്ന് മത്വാഫിലേക്കുള്ള പ്രവേശനം

നിർത്തിവെക്കുകയും ഹറമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ആരെയും മത്വാഫിലേക്ക് കടത്തിയിരുന്നില്ല. ഹറമിലെത്തിയവർ മുകളിലെ നിലയിലൂടെയാണ് ത്വവാഫ് ചെയ്തിരുന്നത്.

click me!