സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു

By Web TeamFirst Published Sep 29, 2019, 5:12 PM IST
Highlights

സുഹൃത്തിന്റെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദിന്റെ സ്വകാര്യ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ മറ്റ് ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദിന്റെ സ്വകാര്യ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് അംഗരക്ഷകന്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹാം കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗദി സുരക്ഷാസേനാ ഉദ്യോഗസ്ഥരടക്കം മറ്റ് ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ജിദ്ദയില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തായ തുര്‍ക്കി ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സബ്‍തിയുടെ വീട്ടില്‍ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കെ, ഇരുവരുടെയും സുഹൃത്തായ മന്‍ദൂബ് ബിന്‍ മിഷ്അല്‍ എന്നയാള്‍ അവിടെയെത്തുകയായിരുന്നു. ഇവരുവരും തമ്മില്‍ ഏറെനേരം തര്‍ക്കമുണ്ടായി.  വാഗ്വാദങ്ങള്‍ക്ക് ശേഷം ദേഷ്യപ്പെട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മന്‍ദൂബ് ബിന്‍ മിഷ്അല്‍ പിന്നീട് തോക്കുമായി തിരികെയെത്തി അബ്ദുല്‍ അസീസ് ഫഗ്‍ഹമിനുനേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ വീട്ടുജോലിക്കാരനായ ഫിലിപ്പൈനിക്കും വീട്ടുടമയുടെ സഹോദരനും വെടിയേറ്റു.

വിവരമറിഞ്ഞ് ഉടന്‍ കുതിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മന്‍ദൂബിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. പിന്നീട് ഇയാള്‍ പൊലീസിന് നേരെയും വെടിവെച്ചു. തുടര്‍ന്ന് പൊലീസ് മന്‍ദൂബിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫഗ്ഹം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സ്വകാര്യ തര്‍ക്കങ്ങളാണ് സംഭവത്തില്‍ കലാശിച്ചതെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

ഭരണാധികാരിക്കൊപ്പം എപ്പോഴും കാണാറുള്ള അബ്‍ദുല്‍ അസീസ് അല്‍ ഫഗ്‍ഹാം സൗദികള്‍ക്ക് സുപരിചിതനാണ്. നേരത്തെ അബ്‍ദുല്ല രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് സല്‍മാന്‍ രാജാവിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായി. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാര്‍ഡായി അദ്ദേഹത്തെ വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയിനിങ് ആന്റ് ഡെവലപ്മെന്റ് തെരഞ്ഞെടുത്തിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ വിദേശയാത്രകളിലും അദ്ദേഹം നിഴല്‍പോലെ കൂടെയുണ്ടാകുമായിരുന്നു. ഞായറാഴ്ച രാത്രി ഇഷാ നമസ്കാരത്തിന് ശേഷം മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ വെച്ച് അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‍കാരം നടക്കും. 

click me!