ലേബർ വിസ നിർത്തലാക്കില്ല; വ്യാജ പ്രചരണം വിശ്വസിക്കരുത്: സൗദി തൊഴില്‍ മന്ത്രാലയം

By Web TeamFirst Published Nov 16, 2019, 11:52 PM IST
Highlights

തൊഴിൽ മന്ത്രാലയമോ മന്ത്രാലയ ഉദ്യോഗസ്ഥരോ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ല

റിയാദ്: സൗദിയിൽ ലേബർ വിസ നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമെന്ന് തൊഴിൽ മന്ത്രാലയം. അവിദഗ്‌ധ തൊഴിലാളികൾ ജോലിചെയ്യുന്ന ലേബർ വിസ പൂർണമായും നിർത്തലാക്കി തൊഴിൽ മാറ്റത്തിനു അവസരമൊരുക്കുമെന്നായിരുന്നു വാർത്ത പ്രചരിച്ചത്.

ലേബർ പ്രൊഫഷനിലുള്ള വിസകൾ ഭാവിയിൽ തൊഴിൽ മന്ത്രാലയം നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. തൊഴിൽ മന്ത്രാലയമോ മന്ത്രാലയ ഉദ്യോഗസ്ഥരോ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്നും മന്ത്രാലയ വ്യക്താവ് ആവശ്യപ്പെട്ടു.

ലേബർ പ്രൊഫഷനിലുള്ള വിസകൾ തൊഴിൽ മന്ത്രാലയം നിർത്തലാക്കുമെന്നും തൊഴിലാളികളുടെ പ്രൊഫഷനുകളിൽ ഭേദഗതികൾ വരുത്താൻ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുമെന്നും തൊഴിൽ മന്ത്രാലയത്തിലെ പ്രൊഫഷൻ എക്സാമിനേഷൻ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽ ഉമൈറിനെ ഉദ്ധരിച്ചാണ് കഴിഞ്ഞദിവസം വാർത്ത വന്നത്.

ചെയ്യുന്ന ജോലികളിൽ പരിജ്ഞാനമുണ്ടെന്നു ഉറപ്പുവരുത്തുന്നതിന് തൊഴിൽ പരീക്ഷ ഡിസംബർ മുതൽ നടപ്പിലാക്കി തുടങ്ങുമെന്നും നായിഫ് അൽ ഉമൈർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ലേബർ വിസകൾ നിർത്തലാക്കില്ല എന്നാണ് തൊഴിൽ മന്ത്രാലയം ഇപ്പോൾ  വ്യക്തമാക്കിയിരിക്കുന്നത്.

click me!