കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സൗദി പിന്‍വലിച്ചു

By Web TeamFirst Published May 27, 2019, 10:45 AM IST
Highlights

വിലക്ക് നീങ്ങിയതോടെ സൗദിയിലേക്കുള്ള കയറ്റമതി  ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. റിയാദ്, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളിലേക്കാണ് കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നത്. 

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. നിപ്പ വൈറസ് ബാധയുടെ സമയത്തായിരുന്നു സൗദി കേരളത്തില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചത്. ജൂലൈയില്‍ തന്നെ സംസ്ഥാനം നിപ്പ വിമുക്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും സൗദി അധികൃതര്‍ നിരോധനം നീക്കിയിരുന്നില്ല.

വിലക്ക് നീങ്ങിയതോടെ സൗദിയിലേക്കുള്ള കയറ്റമതി  ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. റിയാദ്, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളിലേക്കാണ് കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നത്. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ മറ്റ് ജിസിസി രാജ്യങ്ങള്‍ കഴിഞ്ഞ് വര്‍ഷം ജൂലൈയില്‍ തന്നെ വിലക്ക് പിന്‍വലിച്ചിരുന്നെങ്കിലും സൗദി മാത്രം നിരോധനം തുടര്‍ന്നു. ജനപ്രതിനിധികളും വിദേശകാര്യ മന്ത്രാലയവും നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് വിലക്ക് നീങ്ങിയത്.

സംസ്ഥാനത്തെ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണികളിലൊന്നായിരുന്നു സൗദി. ഇപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാത്രം സൗദിയിലേക്ക് 20 ടണ്ണോളം പഴം, പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.  ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് വിവിധ എയര്‍പോര്‍ട്ടുകളിലൂടെ പ്രതിദിനം ശരാശരി 150 ടണ്‍ കയറ്റുമതിയുണ്ടെന്നാണ് കണക്ക്. വരാനിരിക്കുന്ന പെരുന്നാള്‍ കാലത്തോടെ ഡിമാന്റ് വര്‍ദ്ധിക്കും. വിലക്ക് നീങ്ങിയത് പ്രാദേശിക കര്‍ഷകര്‍ക്ക് ആശ്വാസമാണ്.

click me!